മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയേണ്ട ; കസ്റ്റംസ് ചോദ്യംചെയ്യലിന് പിന്നാലെ ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
Jaihind TV News Report
Jaihind TV Web Desk
November 09, 2020
1 min read
•
Updated: July 07, 2026
കസ്റ്റംസ് ചോദ്യംചെയ്യല്‍ കഴിഞ്ഞ് ഇറങ്ങുന്നതിനിടെ മന്ത്രി കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മുറുകാത്ത കുരുക്ക് മുറുക്കി വെറുതെ സമയം കളയേണ്ടെന്നായിരുന്നു മന്ത്രിയുടെ പോസ്റ്റ്. മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. തുടർന്ന് കസ്റ്റംസ് ഓഫീസില്‍ നിന്നിറങ്ങിയതിന് ശേഷം വീണ്ടും ഇക്കാര്യം ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.
യു.എ.ഇ കോൺസുലേറ്റ് വഴി എത്തിയ മതഗ്രന്ഥം സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കസ്റ്റംസിന്‍റെ ചോദ്യംചെയ്യൽ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനിടെയാണ് തൻ്റെ ഭാഗം ന്യായീകരിച്ചും മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും പരിഹസിച്ചും ആദ്യ കുറിപ്പ് ഫെയ്സ് ബുക്കിൽ പ്രസിദ്ധീകരിച്ചത്. ഏതാനും മിനിറ്റുകൾക്ക് ശേഷം അത് അപ്രത്യക്ഷമായി.
പിന്നീട് ചോദ്യം ചെയ്യൽ നടപടികൾ പൂർത്തീകരിച്ച് മന്ത്രി വാഹനത്തിൽ പുറത്ത് പോയ ശേഷമാണ് വീണ്ടും പോസ്റ്റ് തിരികെയെത്തിയത്.
മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട എന്ന് തുടങ്ങുന്ന പോസ്റ്റിൽ മുമ്പ് എൻ.ഐ.എ, ഇ.ഡി ഏജൻസികളുടെ ചോദ്യം ചെയ്യലിന് ഹാജരായ രീതിയെയും കസ്റ്റംസ് വിളിപ്പിച്ചപ്പോൾ ഹാജരായ രീതിയെയും താരതമ്യപ്പെടുത്തിയുള്ള ന്യായീകരണമാണ് നടത്തുന്നത്.
ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും തനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കുന്നത്.
ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ് എന്ന് പോസ്റ്റിൽ പറയുമ്പോൾ വെല്ലുവിളിയുടെ രൂപത്തിലുള്ള പരിഹാസമാണ് പോസ്റ്റിൽ ഉടനീളമുള്ളത്.
നികുതിവെട്ടിച്ച് നയതന്ത്രചാനൽ വഴി നടത്തിയ മത ഗ്രന്ഥത്തിൻ്റെ ഇറക്കുമതിയും വിതരണവും പ്രൊട്ടോക്കോൾ ലംഘനവും ക്രമക്കേടുമാണെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. മാർച്ച് നാലിന് യു.എ.ഇ കോൺസുലേറ്റിന്റെ പേരിൽ എത്തിയ മതഗ്രന്ഥം മന്ത്രിയുടെ നിർദ്ദേശപ്രകാരമാണോ ഇറക്കുമതി ചെയ്തതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
ഈ പാഴ്സലിന്റെ മറവിൽ സ്വർണം കടത്തിയോ എന്നതിനെക്കുറിച്ചറിയാൻ നേരത്തെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ദേശീയ അന്വേഷണ ഏജൻസിയും ജലീലിനെ ചോദ്യം ചെയ്തിരുന്നു. ഈ രണ്ടുതവണയും സ്വകാര്യ വാഹനങ്ങളിലെത്തിയ ജലീലിൻ്റെ നടപടിയും വിവാദമായിരുന്നു.
കെ.ടി. ജലീലിന്‍റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം :
മുറുകാത്ത കുരുക്ക് മുറുക്കി വെറുതേ സമയം കളയണ്ട🤩
-------------------------------
മാധ്യമങ്ങളിൽ പരസ്യപ്പെടുത്തി മൊഴിയെടുക്കാൻ കസ്റ്റംസ് വിളിച്ചത് കൊണ്ട് ഔദ്യോഗികമായിത്തന്നെ കസ്റ്റംസ് ഓഫീസിലെത്തി കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തി. NIA യും ED യും മൊഴിയെടുക്കാൻ വിളിച്ചത് കോൺഫിഡൻഷ്യലായതിനാൽ കോൺഫിഡൻഷ്യലായാണ് പോയത്.
ഒരിക്കൽകൂടി ഞാൻ ആവർത്തിക്കുന്നു; ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്ന് അന്വേഷിച്ചാലും, സ്വർണ്ണക്കള്ളക്കടത്തിലോ, ഏതെങ്കിലും സാമ്പത്തിക തട്ടിപ്പിലോ അഴിമതിയിലോ, നാട്ടുകാരെ പറ്റിച്ച് ഷെയർ സ്വരൂപിച്ച് തുടങ്ങിയ ബിസിനസ് പൊളിഞ്ഞ കേസിലോ, അവിഹിത സ്വത്ത് സമ്പാദനം നടത്തിയതിൻ്റെ പേരിലോ, പത്തുപൈസ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലോ, എനിക്കെതിരെ സൂക്ഷ്മാണു വലിപ്പത്തിലുള്ള തെളിവുപോലും കൊണ്ടുവരാൻ കഴിയില്ല. സത്യമേവ ജയതേ. ഈ ഉറപ്പാണ്, എന്നെപ്പോലെ സാധാരണക്കാരനായ ഒരു പൊതുപ്രവർത്തകൻ്റെ എക്കാലത്തുമുള്ള ആത്മബലം.
എൻ്റെ കഴുത്തിൽ കുരുക്ക് മുറുക്കി മുറുക്കി, മുറുക്കുന്നവർ കുഴയുകയോ കയർ പൊട്ടുകയോ ചെയ്യുമെന്നല്ലാതെ, മറ്റൊന്നും സംഭവിക്കില്ല. ഇത് അഹങ്കാരമോ വെല്ലുവിളിയോ അല്ല, തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോധ്യത്തിൽ നിന്നുള്ള മനോധൈര്യമാണ്.
https://youtu.be/AiI4kc8iCXE
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10