Logo
Sat, Jun 13, 2026 • 02:07 AM
LIVE TV
Watch

No business videos available

No Middle East videos available

പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം; പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 22, 2026
1 min read Updated: June 09, 2026
SHARE:
SAVE: Login to save

പ്രിയപ്പെട്ടവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം; പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരാണ്ട്
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ പഹല്‍ഗാമിലെ മനോഹരമായ ബൈസരന്‍ പുല്‍മേട്ടില്‍ ഭീകരര്‍ ചോരപ്പുഴ ഒഴുക്കിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. 2025 ഏപ്രില്‍ 22-നായിരുന്നു ലോകത്തെ നടുക്കിയ ആ ദാരുണ സംഭവം നടന്നത്. പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകരര്‍ ബൈസരന്‍ പുല്‍മേട്ടിലേക്ക് അതിക്രമിച്ചു കയറുകയും അവിടെയുണ്ടായിരുന്ന വിനോദസഞ്ചാരികള്‍ക്ക് നേരെ തുരുതുരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ആക്രമണത്തില്‍ മലയാളിയടക്കം 25 വിനോദസഞ്ചാരികളും അവരെ സഹായിക്കാന്‍ ശ്രമിച്ച ആദില്‍ എന്ന പ്രാദേശിക കുതിരക്കാരനും കൊല്ലപ്പെട്ടു. പഹല്‍ഗാമിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഈ ആക്രമണം പ്രദേശത്തിന്റെ സമാധാനവും സാമ്പത്തിക ഭദ്രതയും തകര്‍ത്തെറിഞ്ഞു. ആക്രമണത്തിന് ശേഷം പഹല്‍ഗാമിലെ ടൂറിസം മേഖല കനത്ത തകര്‍ച്ചയെയാണ് നേരിടുന്നത്. സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ ഇടിവ് പ്രദേശവാസികളുടെ ഉപജീവനമാര്‍ഗ്ഗങ്ങളെ സാരമായി ബാധിച്ചു. സാധാരണയായി പതിനായിരക്കണക്കിന് ആളുകള്‍ എത്തിയിരുന്ന ഏപ്രില്‍ മാസത്തില്‍ ഇപ്പോള്‍ ഹോട്ടല്‍ മുറികളില്‍ പത്തു ശതമാനം പോലും ബുക്കിംഗ് ഇല്ലാത്ത അവസ്ഥയാണ്. പ്രധാന ആകര്‍ഷണമായ ബൈസരന്‍ പുല്‍മേട് ഇപ്പോഴും അടഞ്ഞു കിടക്കുന്നത് പഹല്‍ഗാം ഇപ്പോഴും സുരക്ഷിതമല്ലെന്ന തെറ്റായ സന്ദേശം സഞ്ചാരികള്‍ക്ക് നല്‍കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. വിനോദസഞ്ചാരത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന കുതിരക്കാരാണ് ഈ തകര്‍ച്ചയുടെ പ്രധാന ഇരകള്‍. വിനോദസഞ്ചാരികളെ മലനിരകളിലേക്ക് കൊണ്ടുപോയിരുന്ന ഇവര്‍ക്ക് ലഭിച്ചിരുന്ന വരുമാനം ഇന്ന് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. കടബാധ്യതകള്‍ തീര്‍ക്കാനാകാതെയും മക്കളുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥയിലുമാണ് പല കുടുംബങ്ങളും. സുരക്ഷാ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളും ആര്‍.എഫ്.ഐ.ഡി (RFID) പരിശോധനകളും ഇവരുടെ ദൈനംദിന ജീവിതത്തെ കൂടുതല്‍ ദുസ്സഹമാക്കിയിട്ടുണ്ട്. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഏക തദ്ദേശവാസിയായ 29 വയസ്സുകാരന്‍ ആദിലിന്റെ കുടുംബം ഇന്നും ആ വേദനയില്‍ നിന്ന് മുക്തരായിട്ടില്ല. വിനോദസഞ്ചാരികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ നാല് വെടിയുണ്ടകളേറ്റാണ് ആദില്‍ വീരമൃത്യു വരിച്ചത്. മകന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ഇന്ന്, സര്‍ക്കാര്‍ സഹായത്തോടെ നിര്‍മ്മിച്ച പുതിയ വീട്ടിലേക്ക് താമസം മാറുകയാണ് ആദിലിന്റെ മാതാപിതാക്കള്‍. ആദിലിന്റെ ത്യാഗം നല്‍കുന്ന അഭിമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്വാസം. പഹല്‍ഗാം വീണ്ടും പഴയതുപോലെ സജീവമാകുമെന്ന പ്രതീക്ഷയിലാണ് ഈ താഴ്വരയിലെ ഓരോ മനുഷ്യരും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10