Logo
Fri, Jun 12, 2026 • 08:39 PM
LIVE TV
Watch

No business videos available

No Middle East videos available

ഇ.ഡി സംഘത്തെ ആക്രമിച്ച സംഭവം: കേസിൽ ചാല ഉണ്ണി ഉൾപ്പെടെ 6 സിപിഎം പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; വാഹനം തകർത്തതിൽ പൊതുമുതൽ നശീകരണ നിയമം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
May 30, 2026
1 min read Updated: June 10, 2026
SHARE:
SAVE: Login to save

ഇ.ഡി സംഘത്തെ ആക്രമിച്ച സംഭവം: കേസിൽ ചാല ഉണ്ണി ഉൾപ്പെടെ 6 സിപിഎം പ്രവർത്തകർ കൂടി കസ്റ്റഡിയിൽ; വാഹനം തകർത്തതിൽ പൊതുമുതൽ നശീകരണ നിയമം

പിണറായി വിജയന്റെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ ആറു പേരെക്കൂടി മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തു. വീഡിയോ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് ഇന്ന് രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം നേതാവ് ചാല ഉണ്ണി, വിജയ്, സിദ്ധാർഥ്, ഷാജു, നിഷാന്ത്, ആറ്റുകാൽ ഉണ്ണിക്കൃഷ്ണൻ എന്നിവരാണ് പുതുതായി പിടിയിലായത്. ഇന്നലെ രാത്രി എ.ആർ ക്യാമ്പിൽ എത്തിച്ച ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ ആകെ എണ്ണം 25 ആയി ഉയർന്നു. പ്രതികളെ പലയിടത്തുനിന്നുമായി അറസ്റ്റ് ചെയ്തതാണെന്ന് പൊലീസ് അവകാശപ്പെടുമ്പോൾ, ഇവർ കീഴടങ്ങിയതാണെന്നാണ് സിപിഎം നേതാക്കൾ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നത്.

കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 19 പ്രതികളെ ഇന്നലെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. സിപിഎം പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറുമായ ഐ.പി. ബിനു (48) ഉൾപ്പെടെ റിമാൻഡിലായവരെല്ലാം സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരാണ്. നിധിൻ രാജ്, മനോജ്, ജീവൻ, ഷാഹിൽ, ശ്രീജിത്ത്, പി.എസ്. കിരൺ, അനിൽ കുമാർ, ഷെഫീഖ്, ഹരീഷ് കുമാർ, ദിനീത് വി. നായർ, രേവന്ത്, ലെനിൻ രാജ്, ജി.ആർ. നന്ദു, രാഹുൽ എ. രാജൻ, രാഹുൽ, വി.എസ്. വൈശാഖ്, അമൽ, ദിനകർ എന്നിവരാണ് റിമാൻഡിലുള്ള മറ്റ് പ്രതികൾ. ഇതിൽ 5 പ്രതികളുടെ ജാമ്യാപേക്ഷയിൽ മജിസ്‌ട്രേട്ട് കോടതി (കോടതി 3) ഇന്ന് വിധി പറയും.

പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇ.ഡി സംഘത്തിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന 300 പേർക്കെതിരെയും, പരിക്കേറ്റ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സി.പി.ഒ രഞ്ജിത്തിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന ഒരു സംഘത്തിനുമെതിരെയാണ് കേസ്. 'ഇവന്മാരെ കൊല്ലെടാ' എന്ന് ആക്രോശിച്ച് ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച മൂന്ന് കാറുകൾ വളയുകയും, വധിക്കണമെന്ന ലക്ഷ്യത്തോടെ മാരകായുധങ്ങളുമായി ആക്രമിച്ചെന്നുമാണ് ഒന്നാം കേസിലെ എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നത്. ആക്രമണം തടയാൻ ശ്രമിച്ച പൊലീസ്, സി.ആർ.പി.എഫ് ഉദ്യോഗസ്ഥരെ വടിയും കല്ലും ഇഷ്ടികയും ഉപയോഗിച്ചാണ് പ്രതികൾ നേരിട്ടത്. വധശ്രമം, മാരകായുധങ്ങളുമായി ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കൽ, സായുധ കലാപം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച സ്വകാര്യ ഉടമസ്ഥതയിലുള്ള വാഹനങ്ങളാണ് തകർത്തതെങ്കിലും, പൊതുമുതൽ നശിപ്പിക്കൽ തടയുന്നതിനുള്ള നിയമത്തിലെ വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ആക്രമണത്തിൽ 3 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സർക്കാർ വകുപ്പുകൾ വാടകയ്‌ക്കെടുക്കുന്ന സ്വകാര്യ വാഹനങ്ങളും പൊതുമുതലിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. ഇതിനാൽ നാശനഷ്ടത്തിന്റെ ബാധ്യത പൊതുഖജനാവിനാണ്. വാഹനം ഇൻഷുറൻസ് ചെയ്തതാണെന്ന മറുവാദം ഉയർന്നേക്കാമെങ്കിലും, സംഘർഷ സാധ്യത മുൻകൂട്ടി പ്രവചിക്കാവുന്ന സാഹചര്യമായിരുന്നതിനാൽ ക്ലെയിം നൽകാൻ ഇൻഷുറൻസ് കമ്പനികൾ വിസമ്മതിച്ചാൽ, നഷ്ടം പ്രതികളിൽ നിന്ന് ഈടാക്കി നൽകാൻ കോടതി വിധിക്കും.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10