അമേരിക്കയ്‌ക്കെതിരെ തുർക്കിക്ക് ജയത്തോടെ മടക്കം; ഓസ്‌ട്രേലിയ - പാരഗ്വായ് പോരാട്ടം സമനിലയിൽ
ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഡി-യിലെ നിർണായക മത്സരത്തിൽ ഓസ്‌ട്രേലിയയും പാരഗ്വായും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അടുത്ത ഘട്ടമായ റൗണ്ട് 32 ഉറപ്പാക്കാൻ പാരഗ്വായ്ക്ക് ജയം അനിവാര്യവും ഓസ്‌ട്രേലിയയ്ക്ക് തോൽവി ഒഴിവാക്കൽ നിർബന്ധവുമായിരുന്നു. നാല് പോയിന്റോടെ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണെങ്കിലും, മികച്ച ഗോൾ വ്യത്യാസത്തിന്റെ ആനുകൂല്യത്തിൽ ഓസ്‌ട്രേലിയ പോയിന്റ് പട്ടികയിൽ മുന്നിലെത്തി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. തോൽവി ഒഴിവാക്കിയാൽ മതിയായിരുന്നിട്ടും വലിയ പ്രതിരോധ കോട്ട കെട്ടാതെ ആക്രമിച്ചു തന്നെയാണ് ഓസ്‌ട്രേലിയ കളിച്ചത്. വോൾപാറ്റോയും ബോസും ചേർന്ന് വലതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റങ്ങൾ പാരഗ്വായ് പ്രതിരോധത്തെ പലപ്പോഴും പരീക്ഷിച്ചു. സൂപ്പർ താരം മെറ്റ്കാഫ് പരിക്കേറ്റിട്ടും തലയിൽ ബാൻഡേജുമായി കളി തുടർന്നത് ഓസ്‌ട്രേലിയൻ നിരയുടെ പോരാട്ടവീര്യത്തിന്റെ തെളിവായി.
മറുഭാഗത്ത്, മികച്ച എട്ട് സ്ഥാനക്കാരുടെ ലിസ്റ്റിൽ ഇടംപിടിച്ച് നോക്കൗട്ട് ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇനി പാരഗ്വായ്. തുടക്കത്തിൽ പ്രതിരോധത്തിലൂന്നി കളിച്ച അവർ പിന്നീട് മികച്ച ഗോളവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഓസ്‌ട്രേലിയൻ പ്രതിരോധം ഭേദിക്കാനായില്ല. പാരഗ്വായുടെ പ്രധാന താരം എൻസിസോയെ ഓസ്‌ട്രേലിയൻ പ്രതിരോധനിര കൃത്യമായി പൂട്ടിയതോടെ അവരുടെ ആക്രമണങ്ങളുടെ മൂർച്ച കുറഞ്ഞു.
ഇൻജുറി ടൈം ആവേശം; യു.എസ്.എ.യെ വീഴ്ത്തി തുർക്കിക്ക് വിജയത്തോടെ മടക്കം
ഗ്രൂപ്പിലെ മറ്റൊരു ആവേശപ്പോരാട്ടത്തിൽ അമേരിക്കയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് തുർക്കി ഈ ലോകകപ്പിലെ തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്‌ട്രേലിയയോടും പാരഗ്വായോടും പരാജയപ്പെട്ട് തുർക്കി ഇതിനകം തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായതായിരുന്നു. എന്നാൽ അവസാന മത്സരത്തിൽ ശക്തമായ തിരിച്ചവരവാണ് അവർ നടത്തിയത്. മത്സരത്തിന്റെ മൂന്നാം മിനിറ്റിൽ തന്നെ ഓസ്റ്റൺ ട്രസ്റ്റിയിലൂടെ യു.എസ്.എ. മുന്നിലെത്തിയെങ്കിലും, ഏഴാം മിനിറ്റിൽ യുവതാരം അർദ ഗുലറിലൂടെ തുർക്കി സമനില പിടിച്ചു. ഈ ലോകകപ്പിൽ മൂന്ന് കളികളിൽ നിന്നായി തുർക്കി നേടുന്ന ആദ്യ ഗോളായിരുന്നു ഇത്.
പിന്നീട് 31-ാം മിനിറ്റിൽ കോക്ചുവിലൂടെ തുർക്കി ലീഡെടുത്തു. എന്നാൽ രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കകം (49-ാം മിനിറ്റ്) സെബാസ്റ്റ്യൻ ബെർഹാട്ടർ യു.എസ്.എ.യെ ഒപ്പമെത്തിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് കരുതിയ നിമിഷത്തിൽ, ഇൻജുറി ടൈമിന്റെ എട്ടാം മിനിറ്റിൽ കാൻ അയ്ഹാൻ നേടിയ തകർപ്പൻ ഗോളിലൂടെ തുർക്കി വിജയം പിടിച്ചെടുക്കുകയായിരുന്നു. തോറ്റെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച യു.എസ്.എ. ഗ്രൂപ്പ് ചാമ്പ്യന്മാരായി നേരത്തെ തന്നെ അടുത്ത റൗണ്ട് ഉറപ്പിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.