ഡി.കെ. ശിവകുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തം; സമുദായ സംഘടനകള്‍ ഡി.കെയെ അനുകൂലിച്ച് രംഗത്ത്; രംഗം വഷളാകുന്നതില്‍ ബി.ജെ.പിക്കും ആശങ്ക

Wednesday, September 11, 2019

ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേട് ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിനെതിരെ ഓരോ ദിവസവും പുതിയ അടവുകളുമായി എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശിവകുമാറിന്റെ മകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. നാളെ ഡല്‍ഹിയിലെ ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ശിവകുമാറിന്റെ മകള്‍ ഐശ്വര്യക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അതേസമയം, സംസ്ഥാനത്തെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിനെ കുരുക്കിയിട്ടത് കര്‍ണാടകയിലെ ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ പ്രധാനവോട്ടുബാങ്കായ വൊക്കലിംഗ സമുദായത്തില്‍പ്പെട്ട നേതാവാണ് ഡികെ ശിവകുമാര്‍. സംസ്ഥാനത്തെ മറ്റൊരു പ്രബല വിഭാഗമായ ലിംഗായത്തുകള്‍ക്കിടയില്‍ സ്വാധീനമുള്ള ബിജെപി ഡികെ ശിവകുമാറിനെതിരെ നടത്തുന്ന നീക്കങ്ങള്‍ രാഷ്ട്രീയത്തേക്കാളുപരി വൊക്കലിംഗ സമുദായത്തിനെതിരായ നീക്കമാണെന്ന് വിലയിരുത്തലിലാണ് വൊക്കലിംഗ ഗ്രൂപ്പുകള്‍. ഈ സാഹചര്യത്തിലാണ് അറസ്റ്റില്‍ കഴിയുന്ന ഡികെ ശിവകുമാറിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്തെ പത്തോളം വൊക്കലിംഗ സമുദായ സഘടനകള്‍ കര്‍ണാടകയില്‍ റാലി നടത്തിയത്. ബംഗളൂരുവിലെ നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ഫ്രീഡം പാര്‍ക്ക് വരെ പതിനായിരത്തിലധികം അംഗങ്ങളെ അണി നിരത്തിയാണ് റാലി സംഘടിപ്പിച്ചത്.

 

നേരത്തെ ശിവകുമാര്‍ അറസ്റ്റിലായതിന് പിന്നാലെയും പ്രതിഷേധവുമായി വൊക്കലിംഗ സമുദായ സംഘടകള്‍ രംഗത്ത് എത്തിയിരുന്നു. ശിവകുമാര്‍ വിഷയത്തില്‍ വൊക്കലിംഗ സമുദായങ്ങള്‍ ഇടയുന്നത് ശ്രദ്ധയില്‍പ്പെട്ട ബിജെപി വളരെ ശ്രദ്ധാപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചത്. ശിവകുമാറിന്റെ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നില്ല. ശിവകുമാറിന്റെ അറസ്റ്റില്‍ തികച്ചും അപ്രതീക്ഷിത പ്രതികരണങ്ങളായിരുന്നു കര്‍ണാടകയിലെ ബിജെപി നേതാക്കളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. േ