SCTIMST: സൗജന്യ ചികിത്സയിൽ ഭേദഗതി; ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നടപടിക്കെതിരെ പൊതുജന ആരോഗ്യ വിദഗ്ദ്ധർ രംഗത്ത്; സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമെന്ന് വിമർശനം

Jaihind News Bureau
Monday, November 25, 2019

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള രോഗികൾക്ക് ഡിസംബർ ഒന്ന് മുതൽ, സൗജന്യ ചികിത്സയിൽ ഭേദഗതി വരുത്തിയ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നടപടിക്കെതിരെ പൊതുജന ആരോഗ്യ വിദഗ്ദ്ധർ രംഗത്ത്. നടപടി ആശുപത്രി സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമാണെന്നാണ് വിമർശനം. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് തീരുമാനം ഇരുട്ടടിയാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന ഗവേണിംഗ് ബോര്‍ഡ് തീരുമാന പ്രകാരം, ഇനി മുതൽ രണ്ട് ക്യാറ്റഗറി മാത്രമാവും ഉണ്ടാവുക. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ, അല്ലാത്തവർ എന്നിങ്ങനെയാണ് പുതുക്കിയ വിഭാഗങ്ങൾ. തീർന്നില്ല ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരേയും, രണ്ടായി തരം തിരിച്ച്, എ, ബി വിഭാഗങ്ങൾ ആക്കി. എ വിഭാഗം രോഗികൾക്ക് 100 ശതമാനവും, ബി വിഭാഗത്തിന് 30 ശതമാനവുമാണ് ചികിത്സാ നിരക്കിൽ ഇളവ് നൽകുക. പക്ഷേ ഇളവ് ലഭിക്കണമെങ്കിൽ, വിചിത്രമായ മാനദണ്ഡങ്ങൾ രോഗികൾ പാലിക്കണം. എ വിഭാഗം രോഗി, പട്ടികജാതിയോ വർഗ്ഗമോ ആണെങ്കിൽ സ്ഥിരവരുമാനം, വീട്, നിലം തുടങ്ങിയവ ഉണ്ടാവാൻ പാടില്ല. ഇവയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് മുതൽ കുടുംബത്തിൽ ഒരു മാറാരോഗിയും, വിധവയും വേണമെന്ന അവസ്ഥയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഒൻപതിൽ ഏഴു മാനദണ്ഡങ്ങളും ഒരുമിച്ചു വന്നാൽ മാത്രമേ ഇനി മുതൽ സൗജന്യ ചികിത്സ ലഭിക്കു. ചുരുക്കത്തിൽ ശ്രീചിത്ര ഗവേണിംഗ് ബോര്‍ഡിന്‍റെ ഇഷ്ടക്കാർക്ക് മാത്രമേ ഇനി സൗജന്യ ചികിത്സയുള്ള. നടപടി ആശുപത്രി സ്വകാര്യവൽക്കരണത്തിന്‍റെ ഭാഗമാണെന്നും, സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് തീരുമാനം ഇരുട്ടടിയാകുമെന്നും പൊതുജന ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ വരുമാനത്തിൽ നിന്നാണ് ചികിത്സാ നിരക്കിൽ ഇളവ് നൽക്കേണ്ടത് എന്ന വാദമാണ് അധികൃതരുടേത്. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ പേര് പറഞ്ഞാണ് ആശുപത്രി അധികൃതർ രോഗികളെ വലയ്ക്കുന്നത്. ആയിരക്കണക്കിന് രോഗികളാണ് ശ്രീചിത്ര തിരുനാൾ ആശുപത്രിയേ ആശ്രയിക്കുന്നത്. പുതിയ തീരുമാനം സ്വകാര്യ ആശുപ്രതികളിലേത് പോലെ, കടുത്ത സാമ്പത്തിക പ്രയാസങ്ങളിലേക്കാണ് രോഗികളെ തള്ളിവിടുന്നത്.

https://youtu.be/lLx41AmPg_M