നരേന്ദ്ര മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം ഓഗസ്റ്റ് 23 മുതല്‍ : യു.എ.ഇയുടെ ഷെയ്ഖ് സായിദ് മെഡല്‍ ഏറ്റുവാങ്ങും ; ആദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹറിനിലേക്ക്

B.S. Shiju
Sunday, August 18, 2019

ദുബായ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ, ബഹറിന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളുടെ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. ഓഗസ്റ്റ് 23 മുതല്‍ 25 വരെ നീണ്ടു നില്‍ക്കുന്നതാണ് ഈ സന്ദര്‍ശനം. യു.എ.ഇ രാജ്യത്തിന്‍റെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ ഷെയ്ഖ് സായിദ് മെഡല്‍ ഇതോടൊപ്പം മോദിക്ക് സമ്മാനിക്കും. രണ്ടാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ ഗള്‍ഫ് സന്ദര്‍ശനമാണിത്.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഈ മാസം 23, 24 തിയതികളില്‍ പ്രധാനമന്ത്രി യു.എ.ഇയിലുണ്ടാകും. യു.എ.ഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. ആറു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് 24, 25 തിയതികളില്‍ ബഹറിനിലെത്തുന്ന നരേന്ദ്ര മോദി ഇന്ത്യന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. ബഹറിന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി ചര്‍ച്ച നടത്തും.

ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ബഹറിന്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. മനാമയിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും.