മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ; ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ആക്ഷേപം

Jaihind Webdesk
Tuesday, November 12, 2019

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്ത ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധവും ഏകപക്ഷീയവുമാണെന്ന് ആക്ഷേപം. സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകേണ്ടത് നിയമസഭയിലാണെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് ഗവർണറുടെ നടപടി. ബി.ജെ.പിക്ക് കുതിരക്കച്ചവടത്തിന് അവസരം നൽകുന്ന സമീപനമാണ് ഗവർണർ സ്വീകരിച്ചത്. കോൺഗ്രസിന് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരവും ഗവർണർ ഭഗത് സിംഗ് കോഷിയാരി നിഷേധിച്ചു.

സംസ്ഥാനത്ത് ഒരു സർക്കാർ രൂപവത്കരിക്കാൻ കഴിയാതിരിക്കുകയോ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാൻ സർക്കാരിന് കഴിയാതെ വരുമ്പോഴോ ആണ് രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്യുന്നത്. നിയമസഭയിൽ ഭൂരിപക്ഷം നഷ്ടമായാലും അവിശ്വാസപ്രമേയത്തിലൂടെ അധികാരം നഷ്ടമായാലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താം. എന്നാൽ മഹാരാഷ്ട്രയിൽ ഇതൊന്നും ഉണ്ടായില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയിലാണ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപെടുത്തിയത്.

സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം ഉണ്ടന്ന് തെളിയിക്കാൻ ഇന്ന് രാത്രി 8.30 വരെയാണ് ഗവർണർ ഭഗത് സിംഗ് കോഷിയാരി എൻ.സി.പിക്ക് സമയം അനുവദിച്ചത്. എന്നാൽ ഈ സമയപരിധി നിലനിൽക്കെയാണ് ഗവർണർ രാഷ്ട്രപതി ഭരണത്തിന് ശുപാർശ ചെയ്തത്. ഈ തിടുക്കമാണ് ആക്ഷേപത്തിന് ഇടയാക്കുന്നത്. ഗവർണറുടെ ശുപാർശ കിട്ടിയ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രസിൽ യാത്രയ്ക്ക് തൊട്ട് മുമ്പ് ധൃതി പിടിച്ച് അടിയന്തര കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്ന് ഗവർണറുടെ ശുപാർശ അംഗീകരിക്കുകയായിരുന്നു. ഉടൻ തന്നെ ഇത് സംബന്ധിച്ച ഫയൽ രാഷ്ട്രപതിയുടെ ഓഫീസിൽ എത്തിക്കുകയും ചെയ്തു.

ഗവർണർ ഇക്കാര്യത്തിൽ രാഷ്ട്രീയം കളിച്ചു എന്നതും വ്യക്തമാണ്. എറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി, രണ്ടാമത്തെ കക്ഷി ശിവസേന, മൂന്നാമെത്ത കക്ഷിയായ എൻ.സി.പി എന്നീ പാർട്ടികള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ അവസരം നൽകിയെങ്കിലും ഏറ്റവും വലിയ നാലാമത്തെ കക്ഷിയായ കോൺഗ്രസിനെ ക്ഷണിച്ചില്ല. ഏറ്റവും വലിയ രണ്ടാമത്തെ സഖ്യമായ കോൺഗ്രസ് എൻ.സി.പി സഖ്യത്തെയും പരിഗണിച്ചില്ല.

ചുരുക്കത്തിൽ ബി.ജെ.പി ക്ക് കുതിരക്കച്ചവടം നടത്താനുള്ള അവസരമാണ് വളഞ്ഞ വഴിയിലൂടെ ഗവർണർ സ്യഷ്ടിച്ചത്. ഇക്കാര്യത്തിൽ കീഴ്വഴക്കങ്ങളും സുപ്രീം കോടതിയുടെ മുൻ വിധികളും മാനദണ്ഡമാക്കാൻ പോലും ഗവർണർ തയാറായില്ല. അതേ സമയം ഇത് മൂന്നാംതവണയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്. 1980 ലും 2014 ലുമാണ് ഇതിനുമുമ്പ് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്.