മഹാരാഷ്ട്രയില്‍ ബിജെപിയ്ക്ക് തിരിച്ചടി; നാളെ വിശ്വാസവോട്ട് തേടണം; കൂടുതല്‍ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം തള്ളി

Jaihind News Bureau
Tuesday, November 26, 2019

മഹാരാഷ്ട്രയില്‍ നാളെ വിശ്വാസവോട്ടെടുപ്പ്. അഞ്ച് മണിക്ക് മുമ്പ് പൂര്‍ത്തിയാക്കണം. രഹസ്യ ബാലറ്റ് ഉപയോഗിക്കരുതെന്നും നടപടികള്‍ തത്സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
എത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന സേന എൻസിപി കോൺഗ്രസ് സഖ്യത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി വിധി. ജസ്റ്റിസ് രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിശ്വാസ വോട്ടെടുപ്പ് നടത്താൻ രണ്ട് ആഴ്ചയെങ്കിലും വേണമെന്ന നിലപാടായിരുന്നു ബിജെപി സുപ്രീം കോടതിയിൽ എടുത്തത്. നാളെ അഞ്ച് മണിയോടെ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് കോടതി നിര്‍ദ്ദേശിച്ചത് ബിജെപിക്ക് വന്‍ തിരിച്ചടിയായി. വിധി രാഷ്ട്രീയ വിജയമാണെന്നും ശുഭാപ്തി വിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രതികരിച്ചു.

വിശദമായ വാദ പ്രതിവാദങ്ങളാണ് രണ്ട് ദിവസം നീണ്ട കോടതി നടപടികള്‍ക്കിടെ ഉണ്ടായത്. ജസ്റ്റിസ് രമണയാണ് വിധി പ്രസ്താവിച്ചത്. വിശ്വാസ വോട്ടെടുപ്പ് നടപടികൾ സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ട കോടതി അതിനായി വിശ്വാസ വോട്ടെടുപ്പ് നടപടികൾ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യണമെന്നും ഉത്തരവിട്ടു.