മഹാരാഷ്ട്ര കേസ് നാളത്തേക്ക് മാറ്റി ; സർക്കാര്‍ രൂപീകരണത്തിന് ആധാരമായ രേഖകള്‍ ഹാജരാക്കണമെന്ന് സുപ്രീം കോടതി

Jaihind News Bureau
Sunday, November 24, 2019

ജനാധിപത്യ വിരുദ്ധമായി മഹാരാഷ്ട്രയില്‍ സർക്കാര്‍ രൂപീകരിച്ച ബി.ജെ.പിക്ക് എതിരെ നല്‍കിയ സംയുക്ത ഹർജിയില്‍ സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. കേസ് നാളെ രാവിലെ 10.30ന് കോടതി വീണ്ടും പരിഗണിക്കും.

മഹാരാഷ്ട്ര സർക്കാർ രൂപീകരണത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും നോട്ടീസ് നല്‍കി. അതേസമയം ഇന്ന് വിശ്വാസ വോട്ടെടുപ്പ് വേണമെന്ന വാദം തള്ളി. അടിയന്തര വിശ്വാസ വോട്ടെടുപ്പ് വേണ്ടെന്ന് കോടതി നിരീക്ഷിച്ചു.

സർക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ രണ്ട് കത്തുകള്‍ കോടതിയില്‍ ഹാജരാക്കണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെയും എന്‍.സി.പിയെയും ഗവർണർ ക്ഷണിച്ച കത്തും ഭൂരിപക്ഷം അവകാശപ്പെട്ട് ഫഡ്നാവിസ് ഗവര്‍ണർക്ക് നല്‍കിയ കത്തുമാണ് രാവിലെ 10.30 ന് മുമ്പ് ഹാജരാക്കേണ്ടത്.

ഭൂരിപക്ഷം തെളിയിക്കാൻ ഏഴ് ദിവസം നൽകിയ ഗവര്‍ണറുടെ നടപടിയുമായി ബന്ധപ്പെട്ട വാദമാണ് നടന്നത്. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ നീക്കങ്ങളില്‍ ഗവര്‍ണര്‍ ഇടപെടല്‍ നടത്തിയത് ചട്ടം ലംഘിച്ചാണെന്ന് ശിവസേനയ്ക്ക് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. ഗവര്‍ണറുടെ നടപടി വഞ്ചനാപരവും നിയമവിരുദ്ധവും പക്ഷപാതപരവുമാണെന്ന് കപില്‍ സിബൽ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇതല്ലല്ലോ പരിഗണനാ വിഷയമെന്നായിരുന്നു ജസ്റ്റിസ് എൻ.വി രമണയുടെ മറുപടി. അതിലേക്കാണ് എത്തുന്നതെന്ന് പറഞ്ഞ സിബല്‍ ഇന്നുതന്നെ ഭൂരിപക്ഷം തെളിയിക്കാൻ നിര്‍ദേശിക്കണമെന്ന ആവശ്യം കോടതിയില്‍ ഉന്നയിച്ചത്.

അടിയന്തരമായി ഞായറാഴ്ച കേസ് പരിഗണിക്കുന്നതെന്തിനാണെന്ന് ബി.ജെ.പിക്ക് വേണ്ടി  ഹാജരായ മുകുള്‍ റോഹ്തഗിയുടെ ചോദ്യത്തിന് അത് ചീഫ് ജസ്റ്റിസിന്‍റെ വിവേചനമാണെന്ന് കോടിതി മറുപടി നല്‍കി.  അഡ്വ. തുഷാര്‍ മേത്തയായിരുന്നു ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായത്. വിശ്വാസ വോട്ടെടുപ്പിന് ഏഴ് ദിവസം സമയമെന്തിനാണ് എന്ന് കോടതി ചോദിച്ചു.

പിന്തുണ കത്ത് പോലും ഗവര്‍ണര്‍ പരിശോധിച്ചില്ലെന്ന് എൻ.സി.പിക്കും കോൺഗ്രസിനും വേണ്ടി മനു അഭിഷേക് സിംഗ്‍വി പറഞ്ഞു. അജിത് പവാറിന് എൻ.സി.പിയുടെ പിന്തുണയില്ലെന്നും, അജിത് പവാര്‍ നൽകിയ കത്ത് നിയമ വിരുദ്ധമാണെന്നും മനു അഭിഷേക് സിംഗ്‍വി കോടതിയിൽ പറഞ്ഞു. കുതിരക്കച്ചവടത്തിന് അവരസം ഒരുക്കാതെ ഏത്രയും പെട്ടെന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നും കോടതിയില്‍ വാദിച്ചു.