ഒടുവില്‍ പഴി മാധ്യമങ്ങള്‍ക്കും പ്രതിപക്ഷത്തിനും

Jaihind Webdesk
Friday, September 7, 2018

ഷൊര്‍ണൂര്‍ MLAയും CPM പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ P.K ശശിക്കെതിരെയുള്ള പീഡന ആരോപണങ്ങളില്‍ ഉലയുന്ന CPM നേതൃത്വം ഒടുവില്‍ മാധ്യമങ്ങളേയും കോണ്‍ഗ്രസിനേയും BJP യേയും പഴിചാരി ആരോപണങ്ങള്‍ അപവാദപ്രചരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ഇന്നിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്.

DYFI ജില്ലാ കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ യുവനേതാവുമായ വനിതയായിരുന്നു ശശിക്കെതിരെ പീഡനാരോപണം പാര്‍ട്ടിക്കുള്ളില്‍ ഉന്നയിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ പത്രക്കുറിപ്പില്‍ ‘ഒരു യുവതി’ എന്ന വിശേഷണമാണ് നല്‍കിയിട്ടുള്ളത്. പതിവുപോലെ ആടിനെ പട്ടിയാക്കുന്ന സമീപനമാണ് CPM ഈ പീഡനത്തിലും സ്വീകരിച്ചിട്ടുള്ളത്.

CPM പത്രക്കുറിപ്പിന്‍റെ പൂര്‍ണരൂപം താഴെ;

————————————————————–

പ്രസിദ്ധീകരണത്തിന്‌) 07.09.2018
സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌
പുറപ്പെടുവിക്കുന്ന പ്രസ്‌താവന

സി.പി.ഐ(എം) പാലക്കാട്‌ ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗമായ പി.കെ.ശശി. എം.എല്‍.എ. ക്കെതിരെ, ഒരു യുവതി സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിക്ക്‌ നല്‍കിയ പരാതിയുടെ പേരില്‍, പാര്‍ടിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളും, കോണ്‍ഗ്രസ്സും, ബി.ജെ.പിയും നടത്തിവരുന്ന ശ്രമങ്ങള്‍ അപലപനീയമാണ്‌.
2018 ആഗസ്റ്റ്‌ 14-നാണ്‌, ഒരു യുവതി, സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി മുമ്പാകെ ഒരു പരാതി നല്‍കിയത്‌. പരാതി ലഭിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടര്‍ന്ന്‌ പരാതിയില്‍ പരാമര്‍ശിച്ച പി.കെ.ശശിയെ എ.കെ.ജി.സെന്ററില്‍ വിളിച്ചുവരുത്തി പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ അദ്ദേഹത്തിന്റെ വിശദീകരണം കേട്ടു. തുടര്‍ന്ന്‌ ആഗസ്റ്റ്‌ 31-ന്‌ ചേര്‍ന്ന ആദ്യപാര്‍ടി സംസ്ഥാന സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ ഇക്കാര്യങ്ങള്‍ സംസ്ഥാനസെക്രട്ടറി വിശദീകരിച്ചു. യുവതിയുടെ പരാതിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണമെന്ന്‌ യോഗം ഏകകണ്‌ഠമായി തീരുമാനിച്ചു. പി.കെ.ശ്രീമതി ടീച്ചര്‍, എ.കെ.ബാലന്‍ എന്നിവരെ പരാതി അന്വേഷിക്കാന്‍ സെക്രട്ടേറിയറ്റ്‌ ആഗസ്റ്റ്‌ 31-ന്‌ തന്നെ ചുമതലപ്പെടുത്തി. തുടര്‍ന്ന്‌ ചുമതലപ്പെട്ടവര്‍ അന്വേഷണ നടപടി ആരംഭിച്ചിട്ടുണ്ട്‌. അവരുടെ റിപ്പോര്‍ട്ട്‌ കിട്ടിയ ഉടനെ പാര്‍ടി ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതാണ്‌.
പി.കെ.ശശിക്കെതിരായി ലഭിച്ച പരാതി സംസ്ഥാന നേതൃത്വം ഗൗരവത്തിലെടുത്തില്ലായെന്നും, കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ്‌ നടപടികള്‍ ആരംഭിച്ചതെന്നും ചില മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന്‌ മേല്‍പ്പറഞ്ഞ വസ്‌തുതകളില്‍ നിന്ന്‌ ആര്‍ക്കും മനസ്സിലാകും. പാര്‍ടി പി.ബി. ഇക്കാര്യത്തില്‍ ഒരു നിര്‍ദ്ദേശവും സംസ്ഥാനകമ്മിറ്റിക്ക്‌ നല്‍കിയിട്ടില്ലെന്ന്‌ പി.ബി.തന്നെ വ്യക്തമാക്കിയതുമാണ്‌. എന്നിട്ടും ദിവസേന പുതിയ കഥകള്‍ മെനയുന്നവരുടെ താത്‌പര്യം മറ്റെന്തോ ആണ്‌.
സ്‌ത്രീ സുരക്ഷ ഉറപ്പാക്കുക, സ്‌ത്രീകളുടെനേരെയുള്ള അതിക്രമങ്ങള്‍ തടയുക എന്നീ കാര്യങ്ങളില്‍ എക്കാലത്തും സി.പി.ഐ(എം) ഉറച്ച നിലപാടാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. സ്‌ത്രീകളെ അപമാനിക്കുന്ന പരാതികള്‍ ഉയര്‍ന്നുവന്ന അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍, കര്‍ശനമായ നടപടികളാണ്‌, പാര്‍ടി സ്വീകരിച്ചത്‌. സി.പി.ഐ(എം)ന്റെ ഇത്തരം നിലപാടുകള്‍ ജനങ്ങള്‍ക്ക്‌ ബോദ്ധ്യമുള്ളതാണ്‌.
സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, അപമാനിക്കല്‍ തുടങ്ങിയ പ്രശ്‌നങ്ങളില്‍, സംസ്ഥാനത്തെ മറ്റൊരു പാര്‍ടിയും, സി.പി.ഐ(എം) സ്വീകരിച്ചതുപോലെയുള്ള കര്‍ശനമായ നിലപാട്‌ സ്വീകരിച്ചിട്ടില്ല. ആരോപണ വിധേയരായ നേതാക്കളെ എഴുന്നെള്ളിച്ച്‌ ഘോഷയാത്ര നടത്തുകയും, പൂമാലയര്‍പ്പിക്കുകയും ചെയ്‌ത ബൂര്‍ഷ്വാ രാഷ്ട്രീയപാര്‍ടികളുടെ പാരമ്പര്യമല്ല സി.പി.ഐ(എം) ഉയര്‍ത്തിപ്പിടിക്കുന്നത്‌. പി.കെ.ശശിക്കെതിരായി ഉയര്‍ന്നുവന്ന പരാതിയിലും പാര്‍ടിയുടെ ഭരണഘടനയ്‌ക്കും, അന്തഃസ്സിനും, സദാചാര മൂല്യങ്ങള്‍ക്കും അനുസൃതമായ തീരുമാനങ്ങളായിരിക്കും പാര്‍ടി കൈക്കൊള്ളുക.