സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ പടമുള്ള പതാക; പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രിയുടെ ശാസന

Jaihind Webdesk
Wednesday, February 20, 2019

മലപ്പുറം: സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ പടം പതിച്ച പതാകയുമായി വന്ന പ്രവര്‍ത്തകര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ താക്കീത്. ഏതു സര്‍ക്കാരാണെങ്കിലും അത് എല്ലാവരുടേതുമാണ്. പല ആശയങ്ങള്‍ ഉള്ളവരുണ്ടാകാം എന്നാല്‍ ഈ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയായി സര്‍ക്കാര്‍വേദികള്‍ മാറ്റരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓര്‍മ്മപ്പെടുത്തി. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുന്നതിനിടെ കൊടി ഉയര്‍ത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

‘എല്‍ഡിഎഫ് ജയിച്ചാല്‍ എല്‍ഡിഎഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാരാണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോടുകൂടിയതാണ്. വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ അതിന്റെ സ്ഥലമല്ല ഇത്. അതിന്റെ ആളുകള്‍ മനസ്സിലാക്കേണ്ടത് എല്ലായിടത്തേക്കും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല – മുഖ്യമന്ത്രി പറഞ്ഞു.