പെരിയ ഇരട്ടക്കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണത്തിനെതിരെ പിണറായി സര്‍ക്കാര്‍ അപ്പീല്‍ നല്‍കി

Jaihind Webdesk
Saturday, October 26, 2019

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. നിലവില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം തൃപ്തികരമാണെന്ന് അപ്പീലില്‍ പറയുന്നു. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ഏറ്റെടുത്ത സിബിഐ മേല്‍നോട്ട ചുമതലയുള്ള എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച കേരള പൊലീസിന്റെ പ്രതിപ്പട്ടികയിലുള്ള 14 പേരാണ് സിബിഐയുടെ എഫ്‌ഐആറിലുമുള്ളത്.

കഴിഞ്ഞ സെപ്റ്റംബര്‍ 30ന് ആണ് ഹൈക്കോടതി കേസന്വേഷണം സിബിഐക്കു കൈമാറിയത്. എന്നാല്‍, കേരള പൊലീസ് സിബിഐക്കു ഫയലുകള്‍ കൈമാറുകയോ അന്വേഷണം സിബിഐ ആരംഭിക്കുകയോ ചെയ്തില്ല.

തുടര്‍ന്ന് ഹൈക്കോടതി ഉത്തരവു സിബിഐ പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട ശരത്‌ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. കേസ് ഫയല്‍ സിബിഐക്ക് കൈമാറാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.രണ്ടുതവണ കേസ് ഫയല്‍ ആവശ്യപ്പെട്ടിട്ടും കേരള പൊലീസ് മറുപടി നല്‍കിയില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.