നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഇന്നലെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത എ.എസ്.ഐ റെജിമോനേയും സി.പി.ഒ നിയാസിനെയും പീരുമേട് കോടതി റിമാന്‍ഡ് ചെയ്തു. അതേസമയം കൂടുതൽ ചോദ്യം ചെയ്യലിനായി ദേവികുളം സബ്ജയിലിൽ കഴിയുന്ന എസ്.ഐ കെ.എ സാബുവിനെ ഒരു ദിവസത്തെ ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ചിന് കസ്റ്റഡിയില്‍ നൽകി.
നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസിലെ പ്രതികളെ പീരുമേട് കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇതോടെ കേസിൽ 4 പേരാണ് റിമാന്‍ഡിലാകുന്നത്. നേരത്തെ അറസ്റ്റിലായ എസ്.ഐ കെ.എ സാബുവിനെ കൂടുതല്‍ ചോദ്യംചെയ്യലിനായി ക്രൈംബ്രാഞ്ചിന് കസ്റ്റഡിയില്‍ വിട്ടുനൽകി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ടോളം പോലീസുകാരുടെ മൊഴി ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന.
അതേസമയം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നടപടികൾ നാലുപേരിൽ മാത്രമായി ഒതുക്കുന്നു എന്ന ആരോപണം ശക്തമാണ്. രാജ്കുമാറിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ ചുമതയിൽ ഉണ്ടായിരുന്നവർ പീരുമേട് കോടതി മുമ്പാകെ മൊഴി നൽകും. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രതികൾക്കനുകൂലമായി തിരുത്തി എന്ന കണ്ടെത്തൽ നിൽക്കുമ്പോഴാണ് മൊഴി രേഖപ്പെടുത്തുന്നത്. എന്നാൽ കുമാർ ബിനാമിയായി സ്വരൂപിച്ച കോടികൾ ഇപ്പോഴും എവിടെയെന്നത് സംബന്ധിച്ച വിവരങ്ങള്‍ അജ്ഞാതമാണ്. ഡ്രൈവർ നിയാസിന്‍റെ റിമാന്‍ഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ മേലുദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്നവയാണ്.