മുഖ്യമന്ത്രിക്ക് പിന്നിൽ നിൽക്കുന്ന ഡോൺ ആണ് ഫാരിസ് അബൂബക്കർ: പി.സി ജോർജ്

Jaihind Webdesk
Saturday, July 2, 2022

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വെളിപ്പെടുത്തലുമായി പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനെ സ്വാധീനിക്കുന്നത് ഫാരിസ് അബൂബക്കറാണ്.  പിണറായിയുടെ അമേരിക്കന്‍ യാത്രകള്‍ അന്വേഷിക്കണം. മുഖ്യമന്ത്രിക്ക് പിന്നിൽ ഒളിഞ്ഞുനിൽക്കുന്ന ഡോൺ ആണ് ഫാരിസ് അബൂബക്കര്‍. അമേരിക്കയിലും യുഎഇയിലുമുള്ള പണമിടപാടുകള്‍ അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ പണമിടപാടിന് വേണ്ടിയാണ് മകളുടെ കമ്പനി എന്ന് സംശയിക്കുന്നതായും പി.സി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

പീഡനക്കേസിൽ ജാമ്യം ലഭിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ജോർജ്. ശനിയാഴ്ച ഉച്ചയോടെ അറസ്റ്റിലായ പി.സി ജോർജിന് തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകയോട് വികാരാധീനനായി സംസാരിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും പി.സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.