ടി.പി. കേസ് പ്രതികൾക്ക് അനുവദനീയമായ പരമാവധി പരോള്‍ അനുവദിച്ച് ഇടത് സർക്കാർ; കണക്കുകള്‍ പുറത്ത്

Jaihind News Bureau
Monday, November 4, 2019

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ഈ സർക്കാരിന്റെ കാലത്ത് എല്ലാ ചട്ടങ്ങളും കാറ്റിൽ പറത്തി അനധികൃതമായി പരോൾ അനുവദിച്ചു. കേസിലെ പ്രധാന പ്രതിക്കും പ്രമുഖ സി പി എം നേതാവുമായി പി.കെ. കുഞ്ഞനന്തനാണ് ഏറ്റവും കടുതൽ പരോൾ അനുവദിച്ചത്. മുഖ്യമന്ത്രി നിയമസഭയിൽ സമർപിച്ച രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന പ്രതികൾക്ക് ചട്ടം മറികടന്ന് പരോൾ അനുവദിച്ചതിന്റെ രേഖകളാണ് മുഖ്യമന്ത്രി ഇന്ന് സഭയിൽ സമർപ്പിച്ചത്. ഐ.സി.ബാലകൃഷ്ണൻ എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. ടിപി കേസിലെ പ്രതികളുടെ പരോൾ സംബന്ധിച്ച വിശദാംശങ്ങളാണ് നല്‍കിയിട്ടുള്ളത്.

സി.പി.എം മുൻ ഏരിയ കമ്മിറ്റിയംഗം പി.കെ കുഞ്ഞനന്തനാണ് ഏറ്റവും കൂടുതൽ പരോൾ ലഭിച്ചത്. 135 സാധാരണ പരോളും 122 അടിയന്തര പരോളും അടക്കം 257 ദിവസം. മുൻ ലോക്കൽ കമ്മിറ്റിയംഗം കെ.സി രാമചന്ദ്രന് 185 സാധാരണ പരോളും 20 അടിയന്തര പരോളും അടക്കം 205 ദിവസവും പരോൾ ലഭിച്ചു.

അണ്ണൻ സിജിത്ത്-186 ദിവസം, മുഹമ്മദ് ഷാഫി-135 ദിവസം, റഫീക്ക് – 125 ദിവസം, സി. അനൂപ്-120 ദിവസം, കിർമാണി മനോജ്-120 ദിവസം, സി. മനോജ് 117 ദിവസം, ഷിനോജ്-105 ദിവസം, ടി.കെ രജീഷ്-90 ദിവസം, കൊടി സുനി എന്ന സുനില്‍കുമാര്‍ – 60 ദിവസം എന്നിങ്ങനെയാണ് മറ്റ് പ്രതികൾക്ക് അനുവദിച്ച പരോൾ.

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ചോദിച്ച ചോദ്യങ്ങൾക്കാണ് ഈ സമ്മേളന കാലത്ത് സർക്കാർ മറുപടി നൽകിയിട്ടുള്ളത്. ജയിൽ ശിക്ഷ അനുവദിക്കുന്ന പ്രതികൾക്ക് വളരെ കുറച്ച് പരോൾ മാത്രമാണ് ജയിൽ അധികൃതർ സാധാരണ അനുവദിക്കാറുള്ളത്. ഈ കീഴ്വഴക്കത്തിനിടെയാണ് ടി.പി കേസ് പ്രതികൾക്ക് പരമാവധി പരോൾ നൽകിയിട്ടുള്ളത്. മുതിർന്ന സി പി.എം നേതാവും കേസിലെ പ്രധാന പ്രതിയുമായ
പി.കെ കുഞ്ഞനന്തന് 257 ദിവസമാണ് പരോൾ അനുവദിച്ചത്. കേസിലെ മറ്റ് പ്രതികൾക്കും ചട്ടങ്ങൾ മറികടന്ന് പരോൾ അനുവദിച്ചെന്നും രേഖകളിൽ നിന്ന് വ്യക്തമാണ്. അതേ സമയം പി.കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിനെതിനെ നേരത്തെ ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ സമയത്ത് പി.കെ കുഞ്ഞനന്തന് ആരോഗ്യ പ്രശ്നമുണ്ടെന്നും ചികിത്സക്കായാണ് പരോൾ അനുവദിച്ചതെന്നുമായിരുന്നു സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണം. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ചികിത്സക്കായി ആശുപത്രിയിൽ കഴിഞ്ഞിട്ടില്ലെന്നാണ് രേഖകളിൽ നിന്നും വ്യക്തമാകുന്നത്. ടിപി കേസിലെ പ്രതികൾക്ക് സർക്കാർ സംരക്ഷണം നൽകുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് സർക്കാർ സഭയിൽ സമർപ്പിച്ച രേഖകൾ സൂചിപ്പിക്കുന്നത്.