സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന്‍റെ കുതിപ്പ് തുടരുന്നു

Jaihind News Bureau
Monday, November 18, 2019

സ്‌കൂൾ കായികമേളയിൽ പാലക്കാടിന്‍റെ കുതിപ്പ് തുടരുകയാണ്. എന്നാൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ മികച്ച പരിശീലനം നടത്താൻ കഴിയാതെ വലയുകയാണ് താരങ്ങൾ. ഷാഫി പറമ്പിൽ എം.എൽ.എ, കായിക താരങ്ങൾക്കായി നിർമ്മിച്ച സ്റ്റേഡിയത്തിൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ പോലും സർക്കാർ തയ്യാറാകുന്നില്ലെന്നും കായിക താരങ്ങൾ പറയുന്നു.

ദേശീയ തലത്തിൽ തന്നെ ഏറെ താരങ്ങളെ സമ്മാനിച്ച പാലക്കാടിന് അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു സ്റ്റേഡിയമില്ലെന്നതാണ് വസ്തുത. ഇത് മൂലം ഏറെ താരങ്ങൾക്ക് കായിക രംഗത്ത് നിന്നും പിന്മാറേണ്ടി വരികയും പരിക്കുകൾ ഏൽക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് നിലവിൽ.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിൽ വലയുകയാണ് താരങ്ങൾ. എന്നാൽ ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് എം.എൽ.എ ഷാഫി പറമ്പിലിന്‍റെ ഇടപെടലിലൂടെ 4 വർഷങ്ങൾക്ക് മുൻപ് ഒരു സ്റ്റേഡിയം പാലക്കാടിന് സമ്മാനിച്ചു. എന്നാൽ പിന്നീടെത്തിയ ഇടത് മുന്നണി സർക്കാർ വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുവാനൊ, സ്റ്റേഡിയം സംരക്ഷിക്കുവാൻ വേണ്ട നടപടികളും ഉണ്ടായില്ല.

ഇതോടെ മൈതാനത്ത് നട്ടുപിടിപ്പിച്ച പുല്ലുകൾ കരിഞ്ഞുണങ്ങി. പരിശീലനത്തിനെത്തുന്ന കുട്ടികൾ കുഴികളിൽ വീണ് അപകടങ്ങളും പതിവായി. ഇതുവരെ മൈതാനം പുനർനിർമ്മിച്ച് പരിശീലനത്തിന് സജ്ജമാക്കുവാനുള്ള നടപടികൾ ആയിട്ടില്ലെന്നും ഇവർ പറയുന്നു.

മാധ്യമങ്ങളിലുടെയുള്ള വാർത്ത കണ്ടെങ്കിലും അധികാരികളുടെ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിലാണ് പാലക്കാട്ടെ കായിക മേഖല.