പെന്‍ഷന്‍ നല്‍കാന്‍ പണമില്ല ; മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന് യാത്രാച്ചെലവിനത്തില്‍ അധികം അനുവദിച്ചത് ലക്ഷങ്ങള്‍

B.S. Shiju
Wednesday, March 4, 2020

pinarayi vijayan

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് യാത്രാ ചെലവിന് ബജറ്റ് വിഹിതത്തിന് പുറമേ അധിക പണം. 5 ലക്ഷം രൂപ കൂടി അനുവദിച്ച് ധനകാര്യ വകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. സാമൂഹ്യ സുരക്ഷാ പെൻഷൻ അടക്കം മുടങ്ങിയിരിക്കെയാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് യാത്രാകൂലിയായി അധിക പണം അനുവദിച്ച് നല്‍കിയത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും അധിക ചെലവും ധൂർത്തും ഒഴിവാക്കാന്‍ സർക്കാര്‍ തയാറാകുന്നില്ല. മന്ത്രിമാർ മാത്രമല്ല, ചെലവ് ചുരുക്കാൻ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളും തയാറല്ല. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ടി.എ നൽകാൻ 5 ലക്ഷം രൂപ കൂടി അനുവദിച്ചു ധനവകുപ്പിന്‍റെ ഉത്തരവിറങ്ങി. ബജറ്റിൽ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് ടി.എ നൽകാനായി മാത്രം 7 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ഈ തുക പൂർണമായും ചെലവായി. തുടർന്ന് വന്ന ടി.എ ബില്ലുകൾ മാറുവാനാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദ്ദേശപ്രകാരം പൊതുഭരണ വകുപ്പ് ധനവകുപ്പിന് തുക അനുവദിക്കുന്നതിനു വേണ്ടി ഫയൽ അയച്ചത്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പല ചെലവുകളും സർക്കാർ മാറ്റി വെക്കുന്നുവെന്ന് പറയുമ്പോഴും ഈ തുക അനുവദിച്ചത് വിവാദമാവുകയാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സാമൂഹ്യ സുരക്ഷാ പെൻഷൻ 3 മാസമായി മുടങ്ങിക്കിടക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ 3 ഗഡു ക്ഷാമബത്ത ഉൾപ്പെടെ പല കാര്യങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർക്കാർ മാറ്റി വെക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിന് യാത്രാ ചെലവ് നൽകാൻ 5 ലക്ഷം കൂടി അനുവദിച്ചത്. പ്രളയബാധിതർക്കായുള്ള ധന സഹായവും ഭവനനിർമാണവുമെല്ലാം മുടങ്ങിക്കിടക്കുമ്പോഴും സർക്കാരിന്‍റെ ധൂർത്തിന് തെല്ലും കുറവില്ല.