ക്ഷണിച്ചുവരുത്തുന്ന ദുരന്തം ; പ്രളയം തകര്‍ത്ത 2018 ല്‍ മാത്രം പിണറായി സർക്കാര്‍ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്

Jaihind Webdesk
Thursday, August 15, 2019

pinarayi vijayan

സമാനതകളില്ലാത്ത പ്രളയം കേരളത്തെ തകര്‍ത്തെറിഞ്ഞ 2018 ല്‍ പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത് 129 ക്വാറികള്‍ക്ക്. ഏറിയ പങ്ക് ക്വാറികളും പരിസ്ഥിതി ലോല പ്രദേശങ്ങളിലാണെന്നതാണ് യാഥാര്‍ഥ്യം. 750 ക്വാറികളാണ് നിയമപരമായി പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇതിനുപുറമെ 5000 ലേറെ അനധികൃത ക്വാറികളാണ് നമ്മുടെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇത്തരം അനധികൃത ഖനനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാവുന്നില്ലെന്നതാണ് ഏറ്റവും ഗുരുതരമായ വസ്തുത.

ഇക്കുറി പ്രളയവും ഉരുള്‍പൊട്ടലും വലിയ നാശം വിതച്ച മലപ്പുറം ജില്ലയില്‍ മാത്രം 83 ക്വാറികളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍ താലൂക്കില്‍ മാത്രം 72 ക്വാറികളാണുള്ളത്. വന്‍ ദുരന്തമുണ്ടായ കവളപ്പാറ മേഖലയില്‍ 20 ക്വാറികളും. 2018 ല്‍ മാത്രം മൂന്നരക്കോടിയിലേറെ ടണ്‍ പാറയാണ് പൊട്ടിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അയ്യായിരത്തിലേറെ ക്വാറികളില്‍ നിന്ന് പൊട്ടിച്ചുമാറ്റുന്ന പാറയുടെ കണക്ക് സംബന്ധിച്ച വിവരം ലഭ്യമല്ല. ഇത് അതിഭീമമായ സംഖ്യയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഈ ഏപ്രില്‍ മാസം വരെ 62.81735 ലക്ഷം ടണ്‍ തുരന്നെടുത്തതായാണ് കണക്കുകള്‍. അനധികൃത ഖനനം സംബന്ധിച്ച് രണ്ടായിരത്തിലേറെ പരാതികളാണ് മൈനിംഗ് ആന്‍റ് ജിയോളജി വകുപ്പിന് ലഭിച്ചിട്ടുള്ളത്. എന്നാല്‍ മഴയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുക മാത്രമാണ് സ്വീകരിച്ചത്. മഴ മാറിയാല്‍ വീണ്ടും പ്രവര്‍ത്തനാനുമതി നല്‍കാനാണ് തീരുമാനം.

5924 അനധികൃത കരിങ്കല്‍ ക്വാറികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അനധികൃത കരിങ്കല്‍ ക്വാറികളില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത് പരിസ്ഥിതി ലോല പ്രദേശങ്ങളിലാണ്. ഇത്തരത്തിലുള്ള അശാസ്ത്രീയ പാറപൊട്ടിക്കലും മണ്ണ് തുരക്കലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂഗര്‍ഭ ജലനിരപ്പ് താഴല്‍ എന്നിവയ്ക്ക് കാരണമാകും. ക്വാറികളുടെ അശാസ്ത്രീയ പ്രവര്‍ത്തനം ഭൂചലനത്തിന് കാരണമാകുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 1983-2015 കാലയളവില്‍ 115 ഭൂമികുലുക്കങ്ങളുണ്ടായതായാണ് രേഖകള്‍. ഇതില്‍ 78 ഇടങ്ങളിലും പ്രഭവകേന്ദ്രത്തിന്‍റെ ഒരു കിലോമീറ്റര്‍ചുറ്റളവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനം പ്രളയജലത്തില്‍ മുങ്ങിയതിന്‍റെ തനിയാവര്‍ത്തനം വീണ്ടുമുണ്ടായിരിക്കുന്നു. പരിസ്ഥിതി ലോല മേഖലകളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ താളംതെറ്റിക്കുന്ന നടപടികള്‍ ഇനിയെങ്കിലും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. തനിക്ക് ശേഷം പ്രളയം എന്ന നയം തിരുത്താന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ഇനിയുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ പ്രവചനാതീതമാകുമെന്നതില്‍ സംശയമില്ല.