സാമ്പത്തികമാന്ദ്യം: ധനമന്ത്രിക്ക് എന്തുചെയ്യണമെന്ന് യാതൊരു ധാരണയുമില്ല, പ്രഖ്യാപനങ്ങള്‍ മുഖംമിനുക്കല്‍ മാത്രം : കോണ്‍ഗ്രസ്

Jaihind Webdesk
Saturday, September 14, 2019

സാമ്പത്തിക മാന്ദ്യം എങ്ങനെ കൈകാര്യം ചെയ്യുമെന്നത് സംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമന് യാതൊരു ധാരണയുമില്ലെന്ന് കോണ്‍ഗ്രസ്. ധനമന്ത്രിയുടെ ഇന്നത്തെ പ്രഖ്യാപനങ്ങള്‍ മുഖംമിനുക്കല്‍ മാത്രമാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ആറ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇന്ത്യയുടെ ആഭ്യന്തര ഉദ്പാദനം കൂപ്പുകുത്തിയതിന് പിന്നാലെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. കയറ്റുമതി, റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ ഊന്നിയുള്ള പ്രഖ്യാപനമാണ് ഇന്നുണ്ടായത്. എന്നാല്‍ പ്രഖ്യാപനങ്ങള്‍ മുഖംമിനുക്കല്‍ മാത്രമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.

‘ഇന്ന് പ്രഖ്യാപിച്ച നടപടികള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പുനരുജീവിപ്പിക്കുകയില്ല, ഇത് പൂര്‍ണമായും  മുഖംമിനുക്കല്‍ നടപടി മാത്രമാണ്. മാത്രമല്ല ഇത് കേന്ദ്ര സര്‍ക്കാരിന്‍റെ ധാർഷ്ട്യവും അതീവ ഗുരുതരമായ സാഹചര്യത്തോടുള്ള നിസാരമായ സമീപനവും വ്യക്തമാക്കുന്നതാണ്’ – ആനന്ദ് ശർമ പറഞ്ഞു.

പതിവുപോലെ അവകാശവാദങ്ങളുമായിട്ടാണ് ഇന്നും ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനമുണ്ടായത്. നാണ്യപെരുപ്പം നിയന്ത്രിതമാണെന്നും രാജ്യത്തെ പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ സാധിച്ചുവെന്നും ധനമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളില്‍ നിന്ന് കൂടുതല്‍ വായ്പ ലഭ്യമാക്കുമെന്നും 19 ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി ചര്‍ച്ച നടത്തുമെന്നും ധനമന്ത്രി അറിയിച്ചു. എന്നാല്‍ ഈ പ്രഖ്യാപനങ്ങളൊന്നും നിലവിലെ ഗുരുതര പ്രതിസന്ധി മറികടക്കാന്‍ പര്യാപ്തമല്ലെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.