നമ്പി നാരായണന്1.3 കോടി രൂപ നഷ്ടപരിഹാരം നൽകും; ശുപാർശയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

Jaihind News Bureau
Friday, December 27, 2019

Nambi Narayanan ISRO spy case

മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന ശുപാർശ സംസ്ഥാന മന്ത്രിസഭ അംഗീകരിച്ചു.
നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ നമ്പിനാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശുപാർശ തത്വത്തിൽ അംഗീകരിക്കാനാണ് മന്ത്രിസഭ തീരുമാനം. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ നൽകിയ ശുപാർശയാണ് മന്ത്രിസഭായോഗം അംഗീകരിച്ചത്.

സുപ്രീംകോടതി നിർദ്ദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശുപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയാറാക്കുന്ന ഒത്തുതീർപ്പ് കരാർ തിരുവനന്തപുരം സബ്‌കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. നന്പിനാരായണൻ ഉന്നയിച്ച പ്രശ്‌നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുള്ള ശുപാർശകൾ സമർപ്പിക്കുന്നതിന് മുൻ ചീഫ്‌സെക്രട്ടറി കെ. ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്‍റെ ശുപാർശ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം എടുത്തത്.