യുവതികളെ ശബരിമലയിൽ ദർശനത്തിന് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനും മുഖ്യമന്ത്രിക്കും :കെ.മുരളീധരൻ

Jaihind News Bureau
Thursday, January 3, 2019

യുവതികളെ ശബരിമലയിൽ ദർശനത്തിന് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനും മുഖ്യമന്ത്രിക്കും സി പി എമ്മിനു മാണെന്ന് കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ.മുരളിധരൻ പറഞ്ഞു. ഇരുമുടികെട്ടും നെയ്യ് തേങ്ങയും യാതൊരു ഭക്തിയും ഇല്ലാതെ വന്ന രണ്ട് വനിതാ അക്ടിവിസ്റ്റുകളെ ട്രാൻസ്‌ജെൻഡറുകൾ എന്ന് പറഞ്ഞാണ് സന്നിധാനത്തെത്തിച്ചത്. അർദ്ധരാത്രി കള്ളൻമാരെ പോലെ യുവതികളെ ശബരിമലയിൽ എത്തിച്ചത് ഏറ്റവും തരംതാണ പ്രവർത്തിയാണ്. ശിവഗിരി തീർത്ഥാടനം പോലും തടസപ്പെടുത്തി സൃഷ്ടിച്ച മതിലും മുഖ്യമന്ത്രിയുടെ തരംതാണ സമീപനമാണ്. വിധിയുടെ മറവിൽ സ്ത്രീകൾ ആചാരം ലംഘിച്ച് മല കയറണമെന്ന് എന്തിനാണ് മുഖ്യമന്ത്രിക്ക് ഇത്ര ദുർവാശിയെന്നും അദ്ദേഹം ചോദിച്ചു.

ഇത് കോട്ടയം എസ്.പിയുടെ നേതൃത്വത്തിൽ നടന്ന ബിന്ദു കനക ദുർഗ ഓപ്പറേഷൻ മോഡലാണ്. മുഖ്യമന്ത്രിയുടെ പ്രവർത്തന പാരമ്പര്യം വച്ച് രാത്രികാലങ്ങളിലാണ് അദ്ദേഹത്തിന്റെ എല്ലാ ഓപ്പറേഷനും ടി.പി ചന്ദ്രശേഖരനെയും ഷുഹൈബിനെയും കൊന്നതും രാത്രിയുടെ മറവിലാണ്. വനിതാ മതിൽ മതങ്ങളെയും ജാതികളെയും വേർതിരിക്കുമെന്ന് യു ഡി എഫ് പറഞ്ഞത് മുഖ്യമന്ത്രി പ്രവർത്തിയിലൂടെ തെളിയിച്ചെന്നും മുരളീധരൻ പറഞ്ഞു. ആചാരലംഘനം നടന്നുവെന്ന പേരിൽ തന്ത്രിക്ക് നട അടച്ചിടാമായിരുന്നു. ബി ജെ പി ആഗ്രഹിച്ചതും അതാണ്. തന്ത്രി അത് അനുവദിച്ചില്ല. തന്ത്രിയുടെ തീരുമാനം നൂറു ശതമാനം ഉചിതമായിരുന്നു. അദ്ദേഹം അയ്യപ്പനോടും ഭക്തജനങ്ങളോടും നീതി കാട്ടി. തന്ത്രിയെ ഭീഷണിപെടുത്തി സി പി എമ്മിന് ഇഷ്ടമുള്ള തന്ത്രിയെ കൊണ്ട് വന്ന് പൂജ നടത്താമെന്ന് പിണറായി കരുതണ്ട. തലകുത്തി നിന്നാലും അത് നടക്കാൻ പോകുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

മുഖ്യമന്ത്രി ധാർഷ്ട്യം ഉപേക്ഷിച്ച് കൂട്ടായ തീരുമാനം എടുക്കാൻ തയ്യാറാകണം. തന്നിഷ്ടപ്രകാരം മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെങ്കിൽ ഒരു നവോത്ഥാനവും ഇവിടെ നടക്കാൻ പോകുന്നില്ല. തെരഞ്ഞെടുപ്പിൽ നാല് വോട്ടുകിട്ടാൻ വേണ്ടിയുള്ള തറപ്പണി നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം. പ്രതിപക്ഷത്തിന്റെ മാന്യത ദൗർബല്യമായി കാണുന്നതെങ്കിൽ ഇനി അങ്ങോട്ടുള്ള ദിവസം പ്രതിപക്ഷത്തിന്റെ ശക്തി എന്താണെന്ന് ബോധ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു. ബി ജെ പി ടേൺ വച്ചുള്ള നിരാഹാര സമരം നിർത്തി ഡൽഹിയിൽ ചെന്ന് ഓർഡിനസ് ഇറക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. ജില്ലാ വികസന യോഗത്തിൽ പങ്കെടുക്കാത്ത കലക്ടറാണ് വൃന്ദാ കാരാട്ടിനോടൊപ്പം മതിലു കെട്ടാൻ പോയത് കോൺഗ്രസിനെ വിമർശിച്ച് സംസാരിക്കുന്ന പരിപാടിയിൽ കലക്ടർക്ക് എന്താണ് കാര്യം. മതിൽ കെട്ടാൻ പോയ ഐ.എ.എസ് ,ഐ. പി. സ് ഉദ്യോഗസ്ഥർക്കെതിരെ യു.ഡി.എഫ് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുരളീധരൻ പറഞ്ഞു. രാജ്യം മുഴുവൻ ആരെ എതിർക്കാനാണോ ധാരണ ഉണ്ടാകുന്നത് ആ ശക്തികളെ വളർത്താൻ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.