ശബരിമല വിഷയത്തിൽ സാമുദായിക സംഘർഷമുണ്ടാക്കാൻ സിപിഎമ്മും-ഹിന്ദുത്വ രാഷ്ട്രീയ പാർട്ടികളും ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സുന്നി പള്ളികളിലെ സ്ത്രീ പ്രവേശനകാര്യത്തിൽ തീക്കൊള്ളികൊണ്ട് തലചൊറിയുന്ന നിലപാടാണ് കോടിയേരി ബാലകൃഷ്ണന്‍റേതെന്നും മുല്ലപ്പള്ളി വയനാട് പറഞ്ഞു. വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിൽ സ്ത്രീകൾ പോകണമെന്ന് പറയുന്നത് സാമുദായിക സംഘർഷം ഉണ്ടാക്കാൻ മാത്രമെ ഉപകരിക്കൂ. ഇതുസംബന്ധിച്ച തോമസ് ഐസകിന്‍റെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി. സുന്നി പള്ളികളിൽ സ്ത്രീകളെ കയറ്റണമെന്ന് പറയാൻ കോടിയേരിക്ക് യാതൊരവകാശവുമില്ല. വോട്ട് രാഷ്ട്രീയത്തോടൊപ്പം മലബാറിലെ സമാധാന അന്തരീക്ഷം തകർക്കാനാണ് സിപിഎമ്മിന്‍റെ ശ്രമമെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച നേതൃസംഗമം കെ.പി.സി.സി പ്രസിഡന്‍റ് ഉദ്ഘാടനം ചെയ്തു. പ്രളയസമയത്ത് ബാണാസുര സാഗർ ഡാം യാതൊരു മുന്നറിയിപ്പുമില്ലാതെ തുറന്നുവിട്ട് ജനങ്ങളെ വെള്ളത്തിൽ മുക്കിയത് ജില്ലയിലെ ജനങ്ങളോടുള്ള സർക്കാരിന്‍റെ ക്രൂരമായ നടപടിയായിപ്പോയെന്ന് അദ്ദേഹം പറഞ്ഞു. കാർഷിക കടങ്ങൾ സർക്കാർ എഴുതിതള്ളാൻ നടപടി സ്വീകരിക്കാത്തതുമൂലം വയനാട്ടിലെ കർഷകർ ജപ്തി ഭീഷണിയിലും ആത്മഹത്യയുടെ വക്കിലുമാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.
വർക്കിംഗ് പ്രസിഡന്‍റുമാരായ എം.ഐ ഷാനവാസ് എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, മുൻ മന്ത്രി പി.കെ ജയലക്ഷ്മി, റോസക്കുട്ടി ടീച്ചർ, ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ തുടങ്ങിയവരും നേതൃസംഗമത്തില്‍ പങ്കെടുത്തു.
https://youtu.be/m93ZOBximkk