ഹെലികോപ്റ്റര്‍ വാങ്ങരുത്, ഉപദേശകരെ പിരിച്ചുവിടണം; സര്‍ക്കാര്‍ വരുത്തി വച്ച കോടിക്കണക്കിനു രൂപയുടെ ധൂര്‍ത്തും അമിതച്ചെലവുകളും അടിയന്തരമായി അവസാനിപ്പിക്കണം : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Tuesday, March 31, 2020

Mullappally-Ramachandran-24

അടുത്ത മാസം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കാന്‍ പോലും ഖജനാവില്‍ പണമില്ലാത്ത അവസ്ഥയിലേക്ക് കേരളം വഴുതിവീണ സാഹചര്യത്തില്‍ പിണറായി സര്‍ക്കാര്‍ വരുത്തി വച്ച കോടിക്കണക്കിനു രൂപയുടെ ധൂര്‍ത്തും അമിതച്ചെലവുകളും അടിയന്തരമായി അവസാനിപ്പിച്ച് മിതവ്യയത്തിന്റെ പുതിയൊരു ഭരണ സംസ്‌കാരം കാട്ടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രി കോടിക്കണക്കിനു രൂപ ചെലവഴിച്ച് തീറ്റിപ്പോറ്റുന്ന എട്ട് ഉപദേശകരെ ഉടനടി പിരിച്ചുവിടണം. ഇവര്‍ എന്തു സേവനമാണ് കേരളത്തിന് ഇതുവരെ നല്കിയതെന്ന് ആര്‍്ക്കും വ്യക്തമല്ല. കേരള ഹൗസില്‍ എല്ലാവിധ സംവിധാനങ്ങളും നിലനില്‌ക്കെ ഡല്‍ഹിയില്‍ കേരളത്തിന്റെ ലയ്‌സണ്‍ ഓഫീസറായി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ ഉടനേ നിയമിക്കപ്പെട്ട മുന്‍എംപി, അഡ്വക്കേറ്റ് ജനറല്‍ ഉള്‍പ്പെടെ 140 സര്‍ക്കാര്‍ അഭിഭാഷകരെ നോക്കുകുത്തിയാക്കി നിയമിച്ച ഹൈക്കോടതയിലെ സെപ്ഷല്‍ ലയ്‌സണ്‍ ഓഫീസര്‍ തുടങ്ങിയ അനാവശ്യ നിയമനങ്ങള്‍ റദ്ദാക്കണം. ഒരു പ്രയോജനവുമില്ലാത്ത ഭരണപരിഷ്‌കാര കമ്മീഷന്‍ നിര്‍ത്തലാക്കണം.

ഒന്നേമുക്കാല്‍ കോടി രൂപ ചെലവില്‍ മുഖ്യമന്ത്രിക്കുവേണ്ടി വാങ്ങിക്കുന്ന ഹെലികോപ്റ്റര്‍ കച്ചവടം ഉടനേ റദ്ദു ചെയ്യണം. 23ലക്ഷത്തിലധികം രൂപയുടെ പ്രളയ ഫണ്ട് തട്ടിയെടുത്ത സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് ഈ തുക തിരിച്ചുപിടിക്കണം. ഇതിലെ മുഖ്യപ്രതിയായ സിപിഎം നേതാവിന് പാര്‍ട്ടി നല്കുന്ന സംരക്ഷണം ഉടനടി പിന്‍വലിക്കണം. പ്രളയ ദുരിതാശ്വാസ ഫണ്ട് സിപിഎമ്മുകാര്‍ വ്യാപകമായി അടിച്ചുമാറ്റിയ പശ്ചാത്തലത്തില്‍ ഇതിനെതിരേ നടപടി എടുത്തശേഷം കോവ്ഡ്19 ദുരിതാശ്വാസ ഫണ്ടിലേക്ക് തുക സംഭാവന ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നെങ്കില്‍ അതു കൂടുതല്‍ വിശ്വാസയോഗ്യമാകുമായിരുന്നുവെന്ന് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

സിപിഎമ്മുകാര്‍ നടത്തിയ പെരിയ ഇരട്ടക്കൊലയിലും മട്ടന്നൂര്‍ ഷുഹൈബിന്റെ കൊലപാതകത്തിലും സിബിഐ അന്വേഷണത്തിന് തടയിടാന്‍ ഖജനാവില്‍ നിന്നു കോടികള്‍ മുടക്കിയ ഇടപാടും പുനര്‍വിചിന്തനം നടത്തണം. പാര്‍ട്ടിക്കാര്‍ നടത്തിയ ഈ അരുംകൊലകളിലെ പ്രതികള്‍ക്കുവേണ്ടി പാര്‍ട്ടി ഫണ്ട് മാത്രമേ വിനിയോഗിക്കാവൂ എന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

250ലധികം കോറികളും 500ല്‍ അധികം ബാറുകളും അനുവദിച്ച് ശതകോടികള്‍ സമാഹരിച്ച സിപിഎം ഇതില്‍ നിന്ന് നല്ലൊരു തുക കോവിഡ് 19 ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്നും മുല്ലപ്പള്ളി നിര്‍ദേശിച്ചു.

teevandi enkile ennodu para