പിണറായിക്കും കോടിയേരിക്കും സംഘപരിവാറുമായി അവിശുദ്ധ ബന്ധം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Thursday, February 7, 2019

പിണറായി സര്‍ക്കാരിന്റെ കീഴില്‍ മാധ്യമസ്വാതന്ത്ര്യത്തെ പോലും നിഷേധിക്കുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസംവിധാനം തകര്‍ന്നിരിക്കുന്നു, പ്രളായനന്തര കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല തുടങ്ങീ എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാരാണ് കേരളത്തിലേത്. കഴിഞ്ഞ ആയിരം ദിവസം കൊണ്ട് ഈ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് പരസ്യ സംവാദത്തിന് മുഖ്യമന്ത്രി തയ്യാറാണോ എന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.

മാധ്യമങ്ങളെ വിലക്കി സര്‍ക്കാറിറക്കിയ പുതിയ ഉത്തരവ് അംഗീകരിക്കാനാകില്ല. പുതിയ ഉത്തരവും പത്രമാരണ ബില്ലാണ്. മുഖ്യമന്ത്രി, മന്ത്രിമാര്‍ തുടങ്ങിയവരെ കാണാന്‍ പി.ആര്‍.ഡി അംഗീകാരം വേണമെന്ന പുതിയ ഉത്തരവ് സാംസ്‌ക്കാരിക ഫാസിസമാണ്. മാധ്യമവിലക്കിനെ കെ.പി.സി.സി പ്രതിഷേധിക്കുന്നു -മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റെന്ന് സുപ്രിം കോടതിയിലെ ഇന്നലത്തെ സമീപനം തെളിയിച്ചു. സര്‍ക്കാര്‍ വാദം ലക്ഷോപലക്ഷം ഹിന്ദുമത വിശ്വാസികളുടെ മനസ്സില്‍ മുറിവുണ്ടാക്കിയിട്ടുണ്ട്. ജനരോഷത്തെ ലിംഗസമത്വമെന്ന് പറഞ്ഞ് നേരിടാന്‍ ശ്രമിക്കേണ്ടെന്ന് പിണറായിക്ക് കെ.പി.സി.സി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. പ്രളയവിഷയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രി ശബരിമലയെ ഒരു വിവാദകേന്ദ്രമാക്കിയത്. ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ നിലപാട് മാറ്റിയതെന്തിനാണ്? സി.പി.എമ്മിന്റെ ഫ്രാഞ്ചൈസിയെപ്പോലെ പ്രവര്‍ത്തിക്കാന്‍ പാടില്ലായിരുന്നു. അഭിപ്രായം മാറ്റിയതിനെക്കുറിച്ച് ദേവസ്വം ബോര്‍ഡ് വിശദീകരിക്കണം.
വയനാട്ടില്‍ പ്രളയം ഉണ്ടാകാനും കൃഷിനാശം സംഭവിക്കാനും കാരണമെന്താണ്. പെരുമഴകൊണ്ടല്ല കേരളത്തില്‍ ഈപ്രളയം ഉണ്ടായത്. വയനാട്ടില്‍ ബാണാസുരസാഗാര്‍ തുറന്നതാണ് വമ്പിച്ച കെടുതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മറുപടി പറയാന്‍ തയ്യാറായിട്ടില്ല. കൃഷിക്കാരുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ല. കാര്‍ഷിക മേഖല സ്തംഭനാവസ്ഥയിലായിട്ടും സര്‍ക്കാര്‍ നിഷ്‌ക്രിയമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മധ്യപ്രദേശിലും ചത്തീസ്ഗഡിലും കര്‍ഷക സംരക്ഷണത്തിന് മാതൃകയായിട്ടുണ്ട്. രണ്ടുലക്ഷം രൂപയെങ്കിലും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം. കൃഷിക്കാരോട് ഒരു കാരുണ്യവും കാണിക്കാത്ത സര്‍ക്കാരാണിത്. പ്രളയശേഷമുള്ള ആറുമാസത്തിനിടയില്‍ 15 കര്‍ഷകരാണ് വയനാട്, ഇടുക്കി, കണ്ണൂര്‍ ജില്ലകളില്‍ മാത്രം ആത്മഹത്യ ചെയ്തത്. കര്‍ഷകരുടെ ആത്മഹത്യക്ക് മുഖ്യമന്ത്രി മറുപടി പറയണം. മൊറട്ടോറിയം പ്രഖ്യാപിക്കല്‍ മാത്രമാണോ കര്‍ഷക സംരക്ഷണം എന്നും കെ.പി.സി.സി പ്രസിഡന്റ് ചോദിച്ചു.

കോടിയേരിക്കും പിണറായി വിജയനും സംഘപരിവാറുമായി അവിശുദ്ധബന്ധമെന്ന് മുല്ലപ്പള്ളി ആവര്‍ത്തിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അവരുമായി രഹസ്യ കൂട്ടുകെട്ടിലാണ്. സംഘപരിവാറുമായുള്ള ബന്ധം അടിയന്തരമായി സി.പി.എം അവസാനിപ്പിക്കണം. ഫാഷിസത്തെ സഹായിക്കുന്ന നടപടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നുണ്ടാകുന്നതെന്നും മുല്ലപ്പള്ള മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.