‘മൊത്തത്തി കൊഴപ്പാ’ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിച്ച് ജഗതി ശ്രീകുമാര്‍

Jaihind Webdesk
Saturday, October 21, 2023

വീണ്ടും ലൈറ്റും ക്യാമറയും കണ്ടപ്പോള്‍ ആ മുഖം അമ്പിളിക്കലപോലെ തിളങ്ങി. മുന്നില്‍ നില്‍ക്കുന്നത് സിനിമാക്കാരാണെന്നറിഞ്ഞപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷവും. മൊത്തത്തി കൊഴപ്പാ എന്ന സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നടത്താനായി എത്തിയവരെ കണ്ടപ്പോഴാണ് മലയാളത്തിന്റെ പ്രിയനടന്‍ അമ്പിളിച്ചേട്ടന്‍ എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാറിന് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ടായത്. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയില്‍ വിശ്രമത്തിലാണ് അദ്ദേഹം. എന്നാല്‍ സിനിമ എന്നു കേള്‍ക്കുമ്പോള്‍ ജഗതി ശ്രീകുമാറിന് എന്നും ആവേശമാണ്.

പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി റിലീസിനൊരുങ്ങുന്ന ചിത്രമാണ് മൊത്തത്തി കൊഴപ്പാ. ഈ സിനിമയുടെ ടൈറ്റില്‍ ലോഞ്ച് നിര്‍വഹിക്കാന്‍ സംവിധായകന്‍ സോണി ജഗതി ശ്രീകുമാറിനെ ക്ഷണിക്കുമ്പോള്‍ അദ്ദേഹത്തിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കാരണം ആ കലാകാരനില്‍ സിനിമ അത്രയ്ക്കും ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ട് എന്നതുതന്നെ. കഴിഞ്ഞ ദിവസം വൈകിട്ട് തിരുവനന്തപുരത്തെ ജഗതിയുടെ വീട്ടില്‍ വച്ചായിരുന്നു ടൈറ്റില്‍ ലോഞ്ച് നടന്നത്.

മാന്‍മിയാസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സോണിയും വിപിന്‍ലാലും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കേന്ദ്ര കഥാപാത്രങ്ങളായ അനുവിനും വിനയനും ഇടയിലേക്ക് പഞ്ചാബിനടുത്തുള്ള പഞ്ചഗുളയില്‍ നിന്നും മാന്യനും നിഷ്‌കളങ്കനുമായ ഒരു കുരുത്തംകെട്ട കഥാപാത്രം എത്തുന്നതോടുകൂടി അനുവും വിനയനും അവരുമായി ബന്ധപ്പെട്ട കുറെ കഥാപാത്രങ്ങളും മൊത്തത്തില്‍ കുഴപ്പത്തിലാകുന്നു. ഇത്തരത്തില്‍ കുഴപ്പത്തിലായ വീരപാണ്ഡ്യന്റെ മിത്തുകളാല്‍ ചുറ്റപ്പെട്ട പൈതൃക സ്വത്തും തേടിയുള്ള അന്വേഷണം നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നു. തെക്കന്‍ തിരുവിതാംകൂറിന്റെ സഹ്യപര്‍വ്വതമലനിരകളാല്‍ ചുറ്റപ്പെട്ട ഒരു ഗ്രാമത്തില്‍ നിന്ന് ആരംഭിക്കുന്ന കഥാപശ്ചാത്തലം പിന്നീട് തമിഴ്‌നാടിന്റെ ഉള്‍ഗ്രാമങ്ങളിലേക്ക് നീളുന്നു.

പുതുമുഖങ്ങളായ സോണി, സ്‌നേഹ ഉണ്ണികൃഷ്ണന്‍, സുഷാന്ത്, രതീഷ് എന്നിവര്‍ക്കൊപ്പം ടി എസ് രാജു, നസീര്‍ സംക്രാന്തി, സുനില്‍ സുഖദ, രാജേഷ് ശര്‍മ, മോളി കണ്ണമാലി, കോട്ടയം പ്രദീപ് , കല്ല്യാണി നായര്‍ തുടങ്ങി ഒരുപിടി താരങ്ങളും ചിത്രത്തില്‍ ഉണ്ട് . പൂവച്ചല്‍ ഖാദര്‍ ഗാനരചന നിര്‍വഹിച്ച അവസാന ചിത്രം കൂടിയാണിത്. പൂവച്ചല്‍ ഖാദറിന്റെ വരികള്‍ക്ക് സതീഷ് വിശ്വ സംഗീതം നല്‍കി വിധുപ്രതാപ് , ജ്യോത്സന ,അന്‍വര്‍ സാദത്ത് എന്നിവര്‍ ആലപിച്ചിരിക്കുന്നു. ക്യാമറ രാജീവ് മാധവന്‍ ,അനൂപ് മുത്തിക്കാവില്‍, കലാസംവിധാനം രാജേഷ് കാസ്‌ട്രോ, പശ്ചാത്തല സംഗീതം ശിവന്‍ ഭാവന, അജയ് തിലക് , എഡിറ്റിംഗ് കിരണ്‍ വിജയന്‍. പി ആര്‍ ഒ: ബി.വി. അരുണ്‍ കുമാര്‍, സുനിത സുനില്‍ എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

കോഴിക്കോട് , മൂന്നാര്‍ , വാഗമണ്‍ , തിരുവനന്തപുരം , തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ , തിരുനെല്‍വേലി , തൂത്തുക്കുടി , തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയായ സിനിമ നവംബറില്‍ തിയേറ്ററുകളിലേക്ക് എത്തുന്നു.