നടപടികള്‍ പൂര്‍ത്തിയായി : നിതിന്‍റെ മൃതദേഹം ഉച്ചയോടെ കോഴിക്കോട് ; ഒരു നോക്ക് കാണാന്‍ ആശുപത്രിയില്‍ നിന്നും ആതിര കൈക്കുഞ്ഞുമായി എത്തും

B.S. Shiju
Tuesday, June 9, 2020

ദുബായ് : സാമൂഹ്യ പ്രവര്‍ത്തകനും സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറുമായ അന്തരിച്ച നിതിന്‍ ചന്ദ്രന്‍റെ (29)  മൃതദേഹം ബുധാഴ്ച ( ജൂണ്‍ 10 )  ഉച്ചയോടെ കോഴിക്കോട്ടെ വീട്ടില്‍ എത്തിച്ചേരും. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയില്‍ യുഎഇയില്‍ നിന്നുള്ള വിമാനത്തില്‍, മൃതദേഹം കൊച്ചിയില്‍ എത്തിച്ചേരും. തുടര്‍ന്ന് റോഡ് മാര്‍ഗം മൃതദേഹം പേരാമ്പ്രയിലെ വീട്ടിലെത്തിക്കും.

മൃതദേഹത്തിന്‍റെ എംബാമിംങ് നടപടികള്‍ ദുബായില്‍ പൂര്‍ത്തിയായി. നേരത്തെ, ദുബായ് പൊലീസിന്‍റെ ഔദ്യോഗിക രേഖകളും കൊവിഡ് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ച സര്‍ട്ടിഫിക്കറ്റും ലഭിച്ചിരുന്നു. കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസ്, ഇന്‍കാസ് യൂത്ത് വിങ് എന്നീ സംഘടനകളുടെ പ്രധാന ഭാരവാഹികള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ ദുബായിലെ എംബാമിങ് ചടങ്ങില്‍ സംബന്ധിച്ചു. അതേസമയം, നിതിന്‍റെ ഭാര്യ ആതിര, ചൊവാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. നിതിന്‍റെ മരണ വിവരം ആതിരയ്ക്കുള്ള കൗണ്‍സിലിങ്ങിന് ശേഷം അറിയിക്കും. അങ്ങിനെയെങ്കില്‍, നിതിന്‍റെ സംസ്‌കാര ചടങ്ങില്‍ ആതിരയും പങ്കെടുക്കുമെന്ന് അറിയുന്നു. ലോക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ നിയമം യുദ്ധം നടത്തിയ കോഴിക്കോട് സ്വദേശിനിയാണ് ആതിര.

അനുശോചിച്ച് നേതാക്കള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍,
എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ജയ്ഹിന്ദ് ടി വി മാനേജിങ് ഡയറക്ടറും മുന്‍ കെ പി സി സി അധ്യക്ഷനുമായ എം എം ഹസ്സന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി ശ്രീനിവാസ് ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് , യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ നിതിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു.

See Also :

‘ മക്കള്‍ എന്‍റെ ചങ്കാണ് ‘ | നാട്ടില്‍ കുഞ്ഞ് പിറക്കും മുമ്പേ, ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് | VIDEO | മരിച്ചത് ഗര്‍ഭിണികളുടെ വിമാനയാത്രയ്ക്ക് കോടതിയില്‍ പോരാടിയ ആതിരയുടെ ഭര്‍ത്താവ്
https://jaihindtv.in/athiras-husband-nithin-passes-away/