‘ മക്കള്‍ എന്‍റെ ചങ്കാണ് ‘ | നാട്ടില്‍ കുഞ്ഞ് പിറക്കും മുമ്പേ, ദുബായില്‍ മരിച്ച നിതിന്‍ ചന്ദ്രന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് | VIDEO | മരിച്ചത് ഗര്‍ഭിണികളുടെ വിമാനയാത്രയ്ക്ക് കോടതിയില്‍ പോരാടിയ ആതിരയുടെ ഭര്‍ത്താവ്

Elvis Chummar
Monday, June 8, 2020

ദുബായ് : ദുബായിലെ സ്വകാര്യ കമ്പനിയില്‍ എഞ്ചിനീയറായിരുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശി നിതിന്‍ ചന്ദ്രന്‍ (29) ദുബായില്‍ മരിച്ചു. തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ തെളിഞ്ഞു

യുഎഇയിലെ കോണ്‍ഗ്രസ് അനുഭാവികളായ പ്രവാസി യുവാക്കളുടെ കൂട്ടായ്മയായ യൂത്ത് വിങ്ങിന്‍റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു നിതിന്‍. കൊവിഡിന് എതിരെയുളള യൂത്ത് വിങ്ങിന്‍റെ പ്രവര്‍ത്തനങ്ങളിലും രക്തദാന ക്യാംപുകളിലും സജീവമായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. അപ്രതീക്ഷിതമായി മരണം സംഭവിക്കുകയായിരുന്നുവെന്ന് യൂത്ത് വിങ്ങ് യുഎഇ ജനറല്‍ സെക്രട്ടറി ജിജോ ചിറക്കല്‍ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.

കൊവിഡ് കാലത്ത് പ്രവാസികളായ ഗര്‍ഭിണികള്‍, രോഗികള്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ളവരുടെ, ഇന്ത്യയിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരം ഒരുക്കാന്‍, കേന്ദ്ര  സര്‍ക്കാരിന്‍റെയും കേരള സര്‍ക്കാരിന്‍റെയും അടിയന്തര നടപടി ആവശ്യപ്പെട്ട് യൂത്ത് വിങ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. അന്ന്, നിതിന്‍റെ ഭാര്യയും ഏഴുമാസം ഗര്‍ഭിണി കൂടിയായ ആതിര ഉള്‍പ്പടെയുള്ളവരുടെ പരാതികള്‍ അടിസ്ഥാനമാക്കിയാണ് കൂട്ടായ്മ കോടതിയെ സമീപിച്ചത്. തുടര്‍ന്ന്, ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് പറന്നതും വലിയ വാര്‍ത്തയായിരുന്നു. ഈ മാസം അവസാനം ആതിര കുഞ്ഞിന് ജന്മം നല്‍കാന്‍ ഇരിക്കെയായിരുന്നു മരണ തേടിയെത്തിയത്. നിതിന്‍റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.