മന്‍മോഹന്‍ സിങ് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോഡി ‘ആക്‌സിഡന്റ്’ എന്ന്‌ പ്രകാശ് രാജ്

Jaihind Webdesk
Sunday, January 13, 2019

മന്‍മോഹന്‍ സിങ്ങിനെക്കുറിച്ചുള്ള ചിത്രത്തിന്റെ പേര് ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയെങ്കില്‍ മോഡി ‘ആക്‌സിഡന്റ്’ പ്രധാനമന്ത്രിയാണെന്ന് ആണെന്ന് നടന്‍ പ്രകാശ് രാജ്. കോഴിക്കോട് ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ സംസാരിക്കവേയാണ് പ്രകാശ് രാജ് തന്റെ നിലപാട് വ്യക്തമാക്കിയത്.

പാര്‍ലമെന്റില്‍ ചിരിച്ച ഒരു എംഎല്‍എയെ ശൂര്‍പ്പണഖ എന്ന് വിളിച്ച് ബിജെപി അപമാനിച്ചു. എന്നാല്‍ നിര്‍മല സീതാരാമന്‍ സംസാരിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ സ്ത്രീയെ അപമാനിച്ചു എന്ന് പറഞ്ഞ് ഇതേ കൂട്ടര്‍ തന്നെ രംഗത്തെത്തി. ഇത് ഒരുതരം കള്ളക്കളിയാണ്. ബിജെപിയുടെ ഇരട്ടത്താപ്പാണ് ഇതില്‍ നിന്നു കാണാനാകുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു.

മീടൂ മൂവ്മെന്റിനെ പിന്തുണച്ച അദ്ദേഹം മീടൂ പ്രക്ഷോഭം തുടങ്ങിയപ്പോള്‍ അത് അറിയില്ലെന്ന് നടിച്ച നമ്മള്‍ തലകുനിക്കണം. ഒരു സ്ത്രീയുടെ ദേഹത്തു സ്പര്‍ശിക്കുമ്പോള്‍ അത് നിങ്ങള്‍ വലിയ കാര്യമാക്കിക്കാണില്ല. പക്ഷെ അവള്‍ വര്‍ഷങ്ങളോളം അതില്‍ വേദനിക്കും. അത് കണ്ടില്ലെന്നു നടിക്കരുത്. കരുത്തയായ ഒരു സ്ത്രീ പുരുഷനെ അസ്വസ്ഥനാക്കുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു.

പ്രളയം ഒന്നാക്കിയ കേരളത്തിലെ ജനങ്ങള്‍ ശബരിമല വിഷയത്തില്‍ തമ്മിലടിക്കുന്നത് എന്തിനാണെന്ന് ചോദിച്ച അദ്ദേഹം ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവം പ്രശ്നമാണ് എന്നത് കഷ്ടമാണെന്നും പറഞ്ഞു.