പ്രകാശ് രാജ് ലോക്‌സഭയിലേക്ക് മത്സരിക്കും; മോദി വിമര്‍ശകന്റെ രാഷ്ട്രീയപ്രവേശം ബി.ജെ.പിക്ക് വെല്ലുവിളി

Jaihind Webdesk
Tuesday, January 1, 2019

പ്രശസ്ത നടനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. നിങ്ങളുടെ പിന്തുണയോടെ വരുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചുവെന്നും മണ്ഡലം ഏതെന്ന കാര്യം വരുംദിവസങ്ങളില്‍ അറിയിക്കുമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

സംഘ്പരിവാര്‍ അക്രമണങ്ങളുടെയും മോദിയുടെയും കടുത്ത വിമര്‍ശനകനായ പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വം വെല്ലുവിളി ഉയര്‍ത്തുന്നത് ബി.ജെ.പിക്കാണെന്ന കാര്യം ഉറപ്പാണ്. അടുത്ത സുഹൃത്തും മാധ്യമപ്രവര്‍ത്തകയുമായിരുന്ന ഗൗരിലങ്കേഷ് സംഘ്പരിവാര്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് പൊതുവേദികളില്‍ പ്രകാശ് രാജ് മോദിയെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്. ഭയമില്ലാതെ ചോദ്യങ്ങള്‍ ഉന്നയിക്കുക എന്നത് വളരെ പ്രധാനമെന്നതാണ് ഈ താരത്തിന്റെ നിലപാട്.

ഞാന്‍ മോദി-ഷാ വിരുദ്ധന്‍ എന്ന ഉറക്കെപ്രഖ്യാപിക്കുകയും കൊലപാതങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഹിന്ദുക്കളെല്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. കേരളത്തിലും ഇദ്ദേഹത്തിന്റെ രാഷ്ട്രീയത്തോടെ മമതയുള്ളവര്‍ അനവധിയാണ്. 2000 കോടി ചോദിച്ച കേരളത്തിന് 600 കോടിമാത്രം അനുവദിക്കുകയും പ്രതിമയ്ക്ക് 3000 കോടി ചെലവിടുകയും ചെയ്ത മോദിയുടെ പ്രവൃത്തിയെ ലജ്ജാകരവും വെറുപ്പോലും മോദി അര്‍ഹിക്കുന്നില്ലെന്നുമായിരുന്നു പ്രകാശ് രാജിന്റെ നിലപാട്.