രാജ്യത്ത് ഇന്ന് നടക്കുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മോദിയുടെയും അമിത് ഷായുടെയും ഗൂഢാലോചന : സോണിയാ ഗാന്ധി

Jaihind News Bureau
Monday, December 16, 2019

ബി.ജെ.പി സർക്കാർ സ്വന്തം ജനങ്ങളുമായി യുദ്ധത്തിലാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. രാജ്യത്തെ വിദ്വേഷത്തിന്‍റെ ആഴത്തിലേക്ക് തള്ളിവിടുകയും രാജ്യത്തെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. രാജ്യത്ത് ഇന്ന് നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗൂഢാലോചയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.

കേന്ദ്ര സർക്കാർ ഉത്തരവാദിത്വങ്ങള്‍ മറക്കുകയാണെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സമാധാനവും ഐക്യവും നിയമവാഴ്ചയും ഭരണഘടനയും ഉയർത്തിപ്പിടിക്കേണ്ട സർക്കാർ ജനങ്ങളുമായി യുദ്ധത്തിലാണ്. സർക്കാർ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. സമൂഹത്തെ അസ്ഥിരമാക്കുക, അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുക, ചെറുപ്പക്കാരുടെ അവകാശങ്ങള്‍ തട്ടിയെടുക്കുക, സാമുദായിക പൊരുത്തക്കേടുകള്‍ സൃഷ്ടിക്കുക ഇതിനൊക്കെയാണ് സർക്കാർ ശ്രമിക്കുന്നത്. ഇതെല്ലാം പ്രാദേശിക രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി സര്‍ക്കാർ ഉപയോഗിക്കുന്നു. ഇത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗൂഢാലോചനയാണെന്ന് സോണിയാ  ഗാന്ധി ആരോപിച്ചു.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ആഭ്യന്തര മന്ത്രിക്ക് കടന്നുചെല്ലാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വിദേശ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാര്‍ പോലും ഇന്ത്യയിലേക്കുള്ള സന്ദർശനങ്ങള്‍ ഒഴിവാക്കുന്നു. ഒരുവശത്ത് രാജ്യത്തെ യുവാക്കള്‍ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തെരുവിലിറങ്ങുമ്പോള്‍ മറുവശത്ത് സര്‍ക്കാർ യുവാക്കളെ നക്സലുകളും, വിഘടനവാദികളും ദേശവിരുദ്ധരുമായി പ്രഖ്യാപിക്കുകയാണ്. സമസ്ത മേഖലയിലും പരാജയമായ സര്‍ക്കാര്‍ ഇതില്‍ നിന്നെല്ലാം ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. വിദ്യാർത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ ബി.ജെ.പി സർക്കാരിന്‍റെ അവസാനത്തിന്‍റെ തുടക്കമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പ്രസ്താവനയില്‍ പറഞ്ഞു.