മണിപ്പൂർ അശാന്തം; കേന്ദ്ര മന്ത്രിയുടെ വീടിന് തീയിട്ട് ജനക്കൂട്ടം

Jaihind Webdesk
Friday, June 16, 2023

 

ഇംഫാൽ: മണിപ്പൂരില്‍ സംഘർഷം വീണ്ടും രൂക്ഷമാകുന്നു. അക്രമാസക്തരായ ജനക്കൂട്ടം വിദേശകാര്യ സഹമന്ത്രിയുടെ വസതിക്ക് തീയിട്ടു. ആളപായമില്ല. സംഭവ സമയത്ത് മന്ത്രി സ്ഥലത്തുണ്ടായിരുന്നില്ല. ആള്‍ക്കൂട്ടം എല്ലാ ഭാഗത്തുനിന്നും പെട്രോൾ ബോംബുകൾ എറിയുകയായിരുന്നുവെന്ന് മന്ത്രിയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥൻ പറയുന്നു.

ഇന്നലെ രാത്രി 11 മണിയോടെയാണ് ആയിരത്തോളം വരുന്ന ജനക്കൂട്ടം വിദേശകാര്യ സഹമന്ത്രി ആര്‍.കെ രഞ്ജന്‍റെ വസതിക്ക് തീയിട്ടത്. ഇംഫാലിലെ കോങ്ബയിലുള്ള വസതിയാണ് കത്തിച്ചത്. വീടിന് കാവലുണ്ടായിരുന്ന 22 സുരക്ഷാ ജീവനക്കാരെ തുരത്തിയോടിച്ച ശേഷമാണ് വസതിക്കു തീയിട്ടത്.

ഇക്കഴിഞ്ഞ മെയ് മൂന്നിന് തുടങ്ങിയ കലാപം മണിപ്പൂരില്‍ ഇപ്പോഴും തുടരുകയാണ്. മെയ്തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നടത്തിയ ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’ന് പിന്നാലെയാണ് മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമായത്. 40 ദിവസത്തിലേറെയായി തുടരുന്ന അക്രമങ്ങളില്‍ ഇതുവരെ നൂറിലേറെപ്പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍. അതേസമയം വിഷയത്തില്‍ കേന്ദ്രസർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.