‘ഉയിർ കാത്ത മനിതരേ, ഉണ്മയാന നാടേ, നണ്‍ട്രി!’ : പാണക്കാട് കുടുംബത്തിന് കണ്ണീരോടെ നന്ദി അറിയിച്ച് മാലതി

Jaihind Webdesk
Sunday, January 27, 2019

തമിഴ്നാട് തഞ്ചാവൂരിൽ നിന്ന് പാണക്കാട് കുടുംബത്തിന് സന്തോഷ കണ്ണീരോടെ നന്ദി അറിയിച്ച് അര്‍ജുന്‍ അത്തിമുത്തുവിന്‍റെ ഭാര്യ മാലതി. കുവൈറ്റില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശി അർജുന്‍ അത്തിമുത്തുവിന്‍റെ ശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തത് പാണക്കാട് കുടുംബവും കെ.എം.സി.സിയും നടത്തിയ ഇടപെടല്‍ കാരണമാണ്.  ‘ഉയിർ കാത്ത മനിതരേ, ഉണ്മയാന നാടേ, നണ്‍ട്രി!’ – പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ക്കയച്ച വീഡിയോ സന്ദേശത്തില്‍ അര്‍ജുന്‍റെ ഭാര്യ മാലതി സന്തോഷാശ്രുക്കളോടെ പറയുന്നു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു കുവൈത്തിലെ ജയിലിൽ കഴിഞ്ഞ തമിഴ്നാട്ടുകാരൻ അർജുൻ അത്തിമുത്തുവിനെ കൊലക്കയറിൽ നിന്നു രക്ഷപ്പെടുത്തിയത് പാണക്കാട് കുടുംബമായിരുന്നു. ഇതിനായി മുന്നിട്ടിറങ്ങിയതും നേതൃത്വം നല്‍കിയതും മുനവറലി ശിഹാബ് തങ്ങളും കുവൈറ്റ് കെ.എം.സി.സിയുമായിരുന്നു.  തന്‍റെ ഭര്‍ത്താവിനെ രക്ഷിച്ചതിന് അര്‍ജുന്‍ അത്തിമുത്തുവിന്‍റെ ഭാര്യകണ്ണീരോടെയാണ് തന്‍റെ നന്ദി പാണക്കാട് കുടുംബത്തെ അറിയിച്ചത്.

മലപ്പുറം സ്വദേശിയെ വധിച്ച കേസിൽ അർജുന് വിധിച്ച വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചുകൊണ്ടുള്ള അറിയിപ്പ് കഴിഞ്ഞ ദിവസം മാലതിക്കും മുനവറലി തങ്ങൾക്കും ലഭിച്ചിരുന്നു. ജയിലിൽ കഴിയുന്ന അർജുൻ ആറ് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം മാലതിയുമായി ഫോണിൽ സംസാരിച്ചു.

മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ശ്രമത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം അർജുന് മാപ്പ് നൽകുകയും അതിന്‍റെ രേഖകൾ കുവൈത്ത് അധികാരികൾക്ക് സമർപ്പിക്കുകയുമായിരുന്നു. ബ്ലഡ് മണിയായി ആവശ്യപ്പെട്ട 30 ലക്ഷം രൂപയിൽ 27 ലക്ഷം രൂപ പ്രവാസികളുൾപ്പെടെയുള്ളവരുടെ സഹായത്തോടെ സമാഹരിച്ച് നല്‍കിയതോടെയാണ് അത്തിമുത്തുവിന് ശിക്ഷയിളവ് ഉണ്ടായത്. നേരത്തെ മലപ്പുറത്ത് കുടപ്പനക്കുന്നിലെത്തി പാണക്കാട് കുടുംബാംഗങ്ങളോട് തന്‍റെ ദയനീയാവസ്ഥ മാലതി അറിയിച്ചിരുന്നു. അതിന് ശേഷമാണ് മുനവറലി ശിഹാബ് തങ്ങള്‍ ഈ കാരുണ്യപ്രവൃത്തിക്ക് നേതൃത്വം നല്‍കിയത്.