ബുലന്ദ് ഷെഹർ ആൾക്കൂട്ട ആക്രമ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

webdesk
Thursday, December 6, 2018

ഉത്തർപ്രദേശിലെ ബുലന്ദ് ഷെഹർ ആൾക്കൂട്ട ആക്രമ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ . ബജ്റംഗ്ദൾ നേതാവായ യോഗേഷ് രാജിനെയാണ് പ്രത്യേക അന്വഷണ സംഘം അറസ്റ്റ് ചെയ്തത്. അതേസമയം, സംഭവത്തിൽ വലിയ ഗൂഢാലോചന നടന്നു വന്ന വിവരമാണ് പുറത്ത് വരുന്നത്.

മഹവ് ഗ്രാമത്തില്‍ പശുവിന്റെ ജഡവുമായി വഴി തടസ്സപ്പെടുത്തിയ ഗ്രാമവാസികളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം പൊലീസിനെതിരേ തിരിഞ്ഞത്. പൊലീസുകര്‍ക്കു നേരെ ശക്തമായ കല്ലേറും ആക്രമണവും നടത്തുകയായിരുന്നു. ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനു കല്ലേറില്‍ തലയ്ക്കു പരുക്കേറ്റു. ഇതോടെ ഡ്രൈവര്‍ ഇദ്ദേഹത്തെ ജീപ്പില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ജീപ്പിനെ പിന്തുടര്‍ന്നെത്തിയ അക്രമികള്‍ ഒറ്റപ്പെട്ട സ്ഥലത്തു കാര്‍ നിര്‍ത്തി സുബോധ് കുമാറിനെ വെടിവച്ചു കൊല്ലുകയായിരുന്നു.

താന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് ഡ്രൈവര്‍ പിന്നീടു പറഞ്ഞു. വെടിയേറ്റ് ജീപ്പില്‍നിന്നു പുറത്തേക്കു തൂങ്ങിക്കിടക്കുന്ന ഇന്‍സ്പെക്ടറുടെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇടത് പുരികത്തിനേറ്റ ബുള്ളറ്റാണ് സുബോധ് കുമാറിന്റെ ജീവനെടുത്തതെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പശുവിന്റെ ജഡം കണ്ടതിനെ തുടർന്നുണ്ടായ അക്രമങ്ങളെത്തുടർന്നാണ് ഒരു പൊലീസ് ഇൻസ്പെക്ടറും സ്ഥലവാസിയായ യുവാവും കൊല്ലപ്പെട്ടത്. കല്ലേറിൽ പരുക്കേറ്റാണ് സിയാന പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ സുബോധ് കുമാർ സിങ് മരിച്ചത്. സുമിത് (20) വെടിയേറ്റും. 2015 ൽ പശുമാംസം സൂക്ഷിച്ചെന്നാരോപിച്ചു ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാഖിനെ മർദിച്ചുകൊന്ന കേസിൽ പ്രതികളെ അറസ്റ്റ് ചെയ്തത് സുബോധ് കുമാർ ആണ്.

പശുവിനെ കൊല്ലുന്നത് കണ്ടതായി പരാതി നൽകിയ ആളാണ് യോഗേഷ് രാജ്. ഇയാളാണ് സംഘർഷങ്ങളുടെ പിന്നിലെന്ന് പൊലീസ് പറഞ്ഞു.