ബുലന്ദ്ഷഹറിലെ സുബോധ് കുമാറിന്‍റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ

Jaihind Webdesk
Monday, April 22, 2019

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്‍റെ മരണത്തിൽ പുതിയ വെളിപ്പെടുത്തൽ. സുബോധ്കുമാർ കൊല്ലപ്പെടുന്നതിനു മുമ്പ്, കേസിലെ പ്രതികളെ പ്രദേശത്തെ ബജ്രംഗ്ദൾ നേതാവായ യോഗേഷ് രാജ് തുടർച്ചയായി ഫോൺ വിളിച്ചിരുന്നതായാണ് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.

ഡിസംബർ മൂന്നിനാണ് സുബോധ്കുമാർ കൊല്ലപ്പെടുന്നത്. ഈ ദിവസം രാവിലെ മുഖ്യപ്രതിയായ സച്ചിൻ അലാവത്തിനെ യോഗേഷ് വിളിച്ചിരുന്നു എന്ന് അന്വേഷണ സംഘം കണ്ടെത്തി. പശുവിനെ കൊന്ന വിവരം അറിയിക്കുന്നതിനു വേണ്ടിയാണ് ഈ വിളി എന്നാണു പോലീസ് അന്വേഷണത്തിൽ പറയുന്നത്. ഇതിനുശേഷം നിരവധി തവണ യോഗേഷ് കേസിലെ പ്രതികളുമായി ഫോൺ സംഭാഷണം നടത്തി. യോഗേഷാണ് പശുവിനെ കൊന്നതിൽ പ്രതിഷേധിക്കാൻ ആളെക്കൂട്ടിയത്. ഇതിനുശേഷം ഇവർ പശുവിൻറെ അവശിഷ്ടങ്ങളുമായി സിയാന പോലീസ് സ്റ്റേഷനിലെത്തി മുദ്രാവാക്യം വിളിച്ചു. ഈ സമയം ബുലന്ദ്ഷഹറിലൂടെ മുസ്ലിം കൂട്ടായ്മായായ ഇസ്‌തേമ വിശ്വാസികൾ സഞ്ചരിച്ചിരുന്നു.

സംഘർഷം ആരംഭിച്ചതോടെ തീർഥാടകരെ ഔറംഗബാദിൽനിന്ന് ജഹാംഗിർബാദിലേക്കു തിരിച്ചുവിട്ടു. ഇത് വൻ കലാപവും സംഘർഷവും ഒഴിവാക്കിയെന്നു കുറ്റപത്രത്തിൽ പറയുന്നു. സംഭവം ആസൂത്രിതമാണെന്നും ഇൻസ്‌പെക്ടർ സുബോധ് കുമാറിനെ വധിക്കാനും കലാപമുണ്ടാക്കാനും ഗൂഢാലോചന നടന്നതായും നേരത്തെ തന്നെ ആരോപണമുയർന്നിരുന്നു. 2015-ൽ ഉത്തർപ്രദേശിലെ ദാദ്രിയിൽ പശുവിൻറെ പേരിൽ മുഹമ്മദ് അഖ്‌ലാഖ് എന്ന മധ്യവയസ്‌കനെ തല്ലിക്കൊന്ന കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട ഇൻസ്‌പെക്ടർ സുബോധ് കുമാർ. സിയാന മേഖലയിലെ മാഹൗ ഗ്രാമത്തിലുള്ള വനപ്രദേശത്ത് പശുക്കളുടെ തലയും മറ്റവശിഷ്ടങ്ങളും കണ്ടെത്തിയതിനെത്തുടർന്നാണ് ഒരുകൂട്ടമാളുകൾ പ്രദേശത്ത് അക്രമം അഴിച്ചുവിട്ടത്. സിയാനയിലെ പോലീസ് പോസ്റ്റ് നശിപ്പിച്ച ഇവർ പോലീസുകാർക്കെതിരേ കല്ലെറിഞ്ഞു. ഇതിനിടെ വെടിയേറ്റാണ് സുബോധ്കുമാർ കൊല്ലപ്പെടുന്നത്.