ആലപ്പുഴ വാഹനാപകടം : ഡ്രൈവർ രമേശന്‍ കസ്റ്റഡിയിൽ ; ലോറിയും പിടിച്ചെടുത്തു

webdesk
Friday, January 18, 2019

Accident-death-Alappuzha

ആലപ്പുഴയിൽ സഹോദരങ്ങളായ യുവാക്കളുടെ ദാരുണമായ അന്ത്യത്തിന് വഴിയൊരുക്കിയ വാഹനാപകടം. നിർത്താതെ പോയ ലോറി തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിന്ന് പിടിച്ചെടുത്തു.  ഡ്രൈവർ രമേശനും കസ്റ്റഡിയിൽ. പോലീസിന്‍റെ അന്വേഷണമാണ് ലോറി കണ്ടെത്താൻ കാരണമായത്.

ദേശീയപാതയിൽ ആലപ്പുഴ ചേർത്തലക്കടുത്ത് പട്ടണക്കാട് വച്ച് ജനുവരി പത്തിന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. തൈക്കൽ ആയിരംതൈ വെളിമ്പറമ്പിൽ ദാസന്‍റെ മക്കളായ അജേഷ്, അനീഷ് എന്നിവർ ദാരുണമായി മരണപ്പെടുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നും സിമന്‍റ്‌ കയറ്റി
വന്ന ലോറി ഇവരെ ഇടിച്ച് വീഴ്ത്തിയ ശേഷം നിർത്താതെ പോയി.

അന്വേഷണം വഴിതെറ്റിക്കാൻ ദേശീയ പാതയിൽ നിന്നും ഇടറോഡിലേയ്ക്ക് കയറിയായിരുന്നു യാത്ര. വളവനാടുള്ള ഗോഡൗണിൽ സിമന്‍റ് ഇറക്കിയ ശേഷം ലോറി തമിഴ്നാട്ടിലേയ്ക്ക് കൊണ്ട് പോയി. തിരുച്ചിറപ്പള്ളി സ്വദേശിയുടെതാണ് ലോറി.

അപകടസമയത്ത് ലോറിയിൽ നിന്നും അടർന്ന്‌ വീണ ചെറിയ പെയിന്‍റ് പാളിയും, സിസി ടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ നിന്ന് ലോറി കസ്‌റ്റഡിയിലെടുത്തത്. പട്ടണക്കാട് എസ്.ഐ. അസീമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അന്വേഷണമാണ് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ലോറി കണ്ടെത്താൻ വഴിയൊരുക്കിയത്.