ആഢംബരത്തിന്‍റെ ലോക കേരള സഭ ; ഹോട്ടല്‍ ബില്‍ 23 ലക്ഷം, ഭക്ഷണത്തിന് 60 ലക്ഷം ; ധൂര്‍ത്തിന്‍റെ കണക്കുകള്‍ പുറത്ത്

Jaihind News Bureau
Monday, February 17, 2020

ആഢംബരത്തിന്‍റെ പര്യായമായി ലോക കേരളസഭ. കോടികളുടെ ധൂര്‍ത്തിന്‍റെ കണക്കുകളാണ് പുറത്തുവരുന്നത്. ഭക്ഷണത്തിനായി മാത്രം 60 ലക്ഷത്തോളം രൂപയാണ് ചെലവഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.  2020 ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ നിയമസഭാ മന്ദിരത്തില്‍ നടന്ന ലോകകേരള സഭയ്ക്കായി സർക്കാര്‍ ചെലവഴിച്ച കണക്കുകളാണിപ്പോള്‍ പുറത്തുവരുന്നത്.

ലോക കേരള സഭയ്ക്കെത്തിയ അതിഥികളെയും ഡെലിഗേറ്റുകളെയും താമസിപ്പിച്ച ഹോട്ടല്‍ ബില്ല് മാത്രം 23 ലക്ഷം രൂപ ചെലവായതായാണ് രേഖകള്‍ തെളിയിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലുകളടക്കമുള്ള ഏഴ്സ്ഥലങ്ങളില്‍ താമസിച്ചതിന് 23, 42, 725 രൂപയാണ് ചെലവായത്.

അതേസമയം ഭക്ഷണത്തിനായി അറുപത് ലക്ഷം രൂപയോളമാണ് ചെലവഴിച്ചിരിക്കുന്നത്. 1700 രൂപയും ടാക്‌സും ചാര്‍ജ് ചെയ്യുന്ന അത്താഴമാണ് പ്രതിനിധികള്‍ക്ക് വിതരണം ചെയ്തത്. അതുപോലെ തന്നെ പ്രഭാത ഭക്ഷണത്തിന് 550 രൂപയും ടാക്‌സും, ഉച്ചഭക്ഷണത്തിന് 1700 രൂപയും ടാക്‌സും, 250 രൂപ വീതമുള്ള റിഫ്രഷ്‌മെന്‍റുമൊക്കെയാണ് മൂന്ന് ദിവസങ്ങളിലും നല്‍കിയത്. എണ്ണൂറോളം പേർക്കാണ് ഇത്തരത്തില്‍ മൂന്ന് ദിവസവും ഭക്ഷണം നല്‍കിയത്. 59,82,600 രൂപയാണ് ഭക്ഷണത്തിനായി ഇത്തരത്തില്‍ ചെലവഴിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ വന്‍തുക ചെലവഴിച്ച് നടത്തിയന ലോക കേരള സഭ കൊണ്ട് സംസ്ഥാനത്തിന് എന്ത് പ്രയോജനമുണ്ടായി എന്നതാണ് ഉയരുന്ന മറ്റൊരു ചോദ്യം. ലോക കേരള സഭ ആഢംബരത്തിന്‍റെ പര്യായമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ലോക കേരള സഭ യു.ഡി.എഫ് ബഹിഷ്കരിക്കുകയും ചെയ്തിരുന്നു.