ലോക കേരള സഭ എന്നത് ധൂർത്തിന്‍റെയും അഴിമതിയുടെയും പര്യായമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, January 2, 2020

ലോക കേരള സഭ എന്നത് ധൂർത്തിന്‍റെയും അഴിമതിയുടെയും പര്യായമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ ലോക കേരള സഭയിൽ 60 നിർദേശങ്ങൾ ഉണ്ടായി അതിൽ വിരലിൽ എണ്ണാവുന്നത് മാത്രമാണ് നടപ്പിലായത്.

സാധാരണക്കാരായ പാവപ്പെട്ട പ്രവാസികളുടെ ജീവിതത്തെപറ്റി ആലോചനയുമില്ല. ആലോചന എന്നതിൽ പരിഹാരവുമില്ല. ട്രഷറി സ്തംഭിച്ചിട്ട് മൂന്ന് മാസമായി. പ്രളയ ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ചാണ് ലോക കേരള സഭയുടെ ധൂർത്ത്. പ്രളയ ദുരിതാശ്വാസത്തിനായി ലോക ബാങ്ക് തന്ന വായ്പ തുക ഉപയോഗിച്ചാണ് ലോക കേരളസഭയുടെ പേരിലുള്ള ധൂർത്തെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

ലോക കേരള സഭയ്ക്കായി നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിന്‍റെ നവീകരണം നടത്തിയത് ടെൻഡർ ഇല്ലാതെയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കടം വാങ്ങിയും, പ്രളയദുരിതാശ്വാസത്തിന് ലഭിച്ച തുക വകമാറ്റിയുമാണ് ധൂർത്തെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പഴയ കാര്യങ്ങള്‍ തന്നെയാണ് മുഖ്യമന്ത്രി ഇന്നലെ വീണ്ടും പ്രഖ്യാപിച്ചത്. കഴിഞ്ഞ ബജറ്റിലും അതിന് മുന്നിലെ ബജറ്റിലും തോമസ് ഐസക് പ്രഖ്യാപിച്ച കാര്യങ്ങള്‍ തന്നെയാണത്. എല്ലാവർക്കും റേഷൻ കാർഡ് കൊടുക്കുമെന്ന് പറഞ്ഞതും, വൃക്ഷത്തൈ വെക്കലും, മറ്റും നേരത്തെ പറഞ്ഞതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഒന്നേകാൽ ലക്ഷം ഫയലുകൾ സെക്രട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്നു. കേന്ദ്രത്തിൽ നിർമലാ സീതാരാമൻ പ്രഖ്യാപിച്ച അതേ പാതയാണ് ജനങ്ങളെ കമ്പളിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മുഖ്യമന്ത്രി കത്തയച്ചു.അതിന് രാഹുൽ ഗാന്ധി മറുപടി അയച്ചു. അത് രാഷ്ട്രിയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസികളുടെ പ്രശ്ഗങ്ങൾ ചർച്ച ചെയ്യുന്നതിൽ ഞങ്ങൾ എതിരല്ല. എന്നാല്‍ നിക്ഷേപം നടത്താൻ വരുന്നവരോട് സർക്കാർ സ്വീകരിക്കുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.