കോണ്‍ഗ്രസ് മുന്നേറ്റവും എന്‍.ഡി.എ തകര്‍ച്ചയും പ്രവചിച്ച് ഇന്ത്യാ ടുഡേ സര്‍വേ

Jaihind Webdesk
Thursday, May 16, 2019

2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റവും എന്‍.ഡി.എയുടെ തകർച്ചയും പ്രവചിച്ച് ഇന്ത്യാ ടുഡേ എക്സിറ്റ് പോള്‍ ഫലം. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ 141 സീറ്റുകള്‍ നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. മറ്റുള്ള കക്ഷികള്‍ 224 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്. അതേസമയം എന്‍.ഡി.എ 177 സീറ്റില്‍ ഒതുങ്ങുമെന്നും ഇന്ത്യാ ടുഡേ സര്‍വേ പ്രവചിക്കുന്നു.  രാജ്യത്തെ 543 ലോക്സഭാ മണ്ഡലങ്ങളിലായി ഏഴ് ലക്ഷത്തിലധം വോട്ടർമാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയതെന്ന് ഇന്ത്യാ ടുഡേ പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒപ്പം കൂട്ടി കോണ്‍ഗ്രസിന് മന്ത്രിസഭ രൂപീകരിക്കാനാവുന്ന കണക്കുകളാണിത്.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുൻപ് എക്സിറ്റ്പോൾ ഫലം പുറത്തായതിനെ ചൊല്ലി വിവാദവും കൊഴുക്കുന്നുണ്ട്. ഇന്ത്യ ടുഡേ ചാനലിന്‍റെ ന്യൂസ് ഡയറക്ടർ രാഹുൽ കൻവാലിൽ നിന്നാണ് സര്‍വേ ഫലം പുറത്തായത്. നവമാധ്യമങ്ങളിൽ ഈ വിവരങ്ങൾ പ്രചരിച്ചതോടെ തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ ഇടപെട്ടു. എക്സിറ്റ് പോൾ ഫലം മെയ് 19 ന് പുറത്തുവരുമെന്നാണ് ഇന്ത്യാ ടുഡേ അറിയിച്ചിരുന്നത്. വിവാദമായതോടെ  ഡമ്മി ഡാറ്റയാണ് പുറത്തായതെന്ന വിശദീകരണവുമായി ഇന്ത്യാ ടുഡേ രംഗത്തെത്തി. തങ്ങളുടെ സര്‍വേ 95 ശതമാനവും ശരിയായിട്ടുണ്ടെന്ന് ഇന്ത്യാ ടുഡേ ന്യൂസ് ഡയറക്ടര്‍ രാഹുല്‍ കന്‍വാല്‍ നേരത്തേ ട്വീറ്റ് ചെയ്തിരുന്നു.