നഗരസഭയിലെ നികുതിവെട്ടിപ്പ് സഭയില്‍ ഉന്നയിക്കും; യുഡിഎഫ് ജനസദസ് പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്തു

Jaihind Webdesk
Monday, October 11, 2021

തിരുവനന്തപുരം നഗരസഭയിലെ നികുതിവെട്ടിപ്പ് നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. നികുതി വെട്ടിപ്പിനെതിരെ ഐക്യജനാധിപത്യ മുന്നണിയുടെ വെട്ടുകാട് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ജനസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.

തിരുവനന്തപുരം നഗരസഭയിൽ നടന്ന നികുതി വെട്ടിപ്പിനെതിരെ ശക്തമായ സമര പരമ്പരയ്ക്കാണ് യുഡിഎഫ് നേതൃത്വം നൽകുന്നത്. യുഡിഎഫിന്‍റെ വെട്ടുകാട് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ജന സദസ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. നികുതിദായകരെ തിരുവനന്തപുരം നഗരസഭയും ഉദ്യോഗസ്ഥരും സിപിഎമ്മും വഞ്ചിച്ചെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എന്ത് വൃത്തികേട് കാണിച്ചാലും സംരക്ഷിക്കാൻ സർക്കാരും സിപിഎമ്മുമുണ്ടെന്നതാണ്
തുടർ ഭരണത്തിന്‍റെ സവിശേഷതയെന്നും വിഷയം സഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം നഗരസഭയിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ഒത്തുകളിയാണെന്ന് ഡിസിസി അധ്യക്ഷൻ പാലോട് രവി പറഞ്ഞു. മുൻ മന്ത്രി വി.എസ് ശിവകുമാർ ജനസദസില്‍ സംസാരിച്ചു.  പ്രാദേശിക യുഡിഎഫ് നേതാക്കളും ജന സദസിന്‍റെ ഭാഗമായി.