സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് ഇടിച്ചുകൊന്നു; സംഭവം പുലർച്ചെ ഒന്നരയോടെ തിരുവനന്തപുരം കാട്ടാക്കടയിൽ; കേസിലെ ഒരു പ്രതി കീഴടങ്ങി

Jaihind News Bureau
Friday, January 24, 2020

സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തിയന്ത്രം കൊണ്ട് ഇടിച്ചുകൊന്നു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി സംഗീത് ആണ് കൊല്ലപ്പെട്ടത്. അനുവാദമില്ലാതെ തന്‍റെ ഭൂമിയിൽ നിന്ന് മണ്ണ് എടുത്തത് ചോദ്യം ചെയ്ത സംഗീതിനെ ഇന്നലെ അർധരാത്രിയാണ് കൊല്ലപ്പടുത്തിയത്. കാട്ടാക്കട പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെ, കേസിലെ ഒരു പ്രതി കീഴടങ്ങി. ജെസിബി ഡ്രൈവറായ വിജിനാണ് കീഴടങ്ങിയത്. ഇയാളാണ് ഇന്നലെ അർദ്ധരാത്രി ജെസിബി പ്രവർത്തിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ജെസിബി ബക്കറ്റ് കൊണ്ട് സംഗീതിന്‍റെ തലയ്ക്കടിച്ചത് ഇയാളാണോ എന്ന കാര്യം പൊലീസ് പരിശോധിച്ച് വരികയാണ്.

കേസിൽ മുഖ്യപ്രതിയെന്ന് കരുതുന്ന ചാരുപാറ സ്വദേശി സജുവിന് വേണ്ടി പൊലീസ് തെരച്ചിൽ തുടങ്ങി. ജെസിബി ഡ്രൈവർ തന്നെയാണ് സജു. വനംവകുപ്പുദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയ മറ്റൊരാൾ, ഉത്തമൻ എന്ന ടിപ്പർ ലോറിയുടമ എന്നിവർക്ക് വേണ്ടിയും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

സംഗീതിനെ ജെസിബി കൊണ്ട് ഇടിച്ചു കൊന്ന ഭൂമാഫിയാ സംഘത്തെ നേരത്തേ അറിയാമെന്നും ഇവർ നേരത്തേയും ഇവിടെ മണ്ണെടുക്കാൻ വന്നിരുന്നുവെന്നും മരിച്ച സംഗീതിന്‍റെ ഭാര്യ പറഞ്ഞു. ഇവർ രാത്രി ജെസിബിയും കൊണ്ടു വന്നത് കണ്ടപ്പോൾ ചാടിയിറങ്ങി തടയാൻ പോയപ്പോഴാണ് സംഗീതിനെ ജെസിബി കൊണ്ട് ഇടിച്ചുകൊന്നത് എന്ന് സംഗീതിന്‍റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥലത്ത് മണ്ണെടുക്കുന്ന ഭൂമാഫിയാ സംഘം സജീവമാണെന്ന് നാട്ടുകാരും പറയുന്നു.

പുലർച്ചെ ഒന്നരയോടെയാണ് സംഭവമുണ്ടായത്. നേരത്തേ സംഗീതിന്‍റെ പുരയിടത്തിൽ നിന്ന് മണ്ണെടുപ്പ് അനുമതിയോടെ നടന്നിരുന്നതാണ്. ഇതിന്‍റെ മറവിൽ ഒരു സംഘം മണ്ണ് മാഫിയ വീണ്ടും അർദ്ധരാത്രി സ്ഥലത്ത് മണ്ണെടുക്കാൻ എത്തുകയായിരുന്നു. എന്നാൽ അനുമതിയില്ലാതെ മണ്ണെടുക്കരുതെന്ന് പറഞ്ഞ സംഗീത് ജെസിബി തടഞ്ഞു.

അർദ്ധരാത്രിയോടെ ലോറിയും വലിയ ജെസിബിയുമായാണ് സംഘമെത്തിയത്. എന്തിനാണ് അർദ്ധരാത്രി മണ്ണെടുക്കാൻ വന്നതെന്ന് ഇവരെ സംഗീത് ചോദ്യം ചെയ്തു. അപ്പോഴേക്ക് ലോറിയിൽ മണ്ണ് കയറ്റിത്തുടങ്ങിയിരുന്നു. മണ്ണെടുപ്പ് ഇപ്പോൾ നിർത്തണമെന്നും ഇനി മേലാൽ മണ്ണെടുക്കരുതെന്നും സംഗീത് ഇവരെ താക്കീത് ചെയ്തു.

നേരത്തേ അനുമതിയോടെ മണ്ണെടുത്തിരുന്ന ദിവസങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥനെന്ന് സ്വയം പരിചപ്പെടുത്തിയിരുന്ന ഒരാളും ഉത്തമൻ എന്ന മറ്റൊരാളും തന്നെയാണ് ഇന്നലെ അർദ്ധരാത്രിയും എത്തിയതെന്ന് സംഗീതിന്‍റെ ഭാര്യ വ്യക്തമാക്കിയിരുന്നു. പിന്നെ ലോറിയും ജെസിബിയുമായി വന്നവരെയാരെയും അറിയില്ലെന്നും സംഗീതിന്‍റെ ഭാര്യ പറഞ്ഞു.

മണ്ണെടുപ്പ് സംഗീത് തടഞ്ഞപ്പോൾ സ്ഥലത്ത് വൻ ബഹളമായി. നാട്ടുകാർ പലരും ഓടിക്കൂടി. ഇവിടെ ഗുണ്ടായിസം സമ്മതിക്കില്ലെന്നും രാത്രി മണ്ണെടുപ്പ് സമ്മതിക്കില്ലെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ കൂടിയതോടെ ജെസിബി സംഘം മണ്ണെടുപ്പ് നിർത്താമെന്ന് സമ്മതിച്ചു. ഇതിനിടെ ലോറിയും ജെസിബിയും കൊണ്ടുപോവുകയാണെന്ന് ഈ സംഘം പറഞ്ഞു. അത് സമ്മതിക്കില്ലെന്നും, മണ്ണുള്ള ലോറി ഇവിടെ നിന്ന് കൊണ്ടുപോകാനാകില്ലെന്നും സംഗീത് വ്യക്തമാക്കി. വണ്ടി കൊണ്ടുപോകുന്നത് തടയാനായി സംഗീത് സ്വന്തം വാഹനം സ്ഥലത്ത് നിന്ന് പുറത്ത് പോകാനുള്ള ഗേറ്റിന് മുന്നിൽ നിർത്തിയിട്ടു. പൊലീസിനെ വിളിക്കുകയും ചെയ്തു.

നാട്ടുകാർ സംഗീത് പറയുന്നത് കേൾക്കണമെന്ന് ഇവരോട് പറഞ്ഞതിനെത്തുടർന്ന് ജെസിബിയും ലോറിയും സ്ഥലത്ത് തന്നെ നിർത്തിയിട്ട് പോകാമെന്ന് ഇവർ സമ്മതിച്ചു. തുടർന്ന് തർക്കം തീർന്നെന്ന് കരുതി നാട്ടുകാർ പിരിഞ്ഞുപോയി. കുടുംബവും അകത്ത് കയറി കതകടച്ചു.

ഇതിനിടെയാണ് വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം സംഗീത് കേട്ടത്. ഉടൻ പുറത്തിറങ്ങി സംഗീത് ലോറിയെടുക്കുന്നത് തടയാനായി അതിന് മുന്നിൽ നിന്നു. ഇത് കണക്കാക്കാതെ ജെസിബി കൊണ്ട് വണ്ടി ഇടിച്ചിടുകയും ജെസിബിയുടെ ബക്കറ്റ് കൊണ്ട് സംഗീതിന്‍റെ തലയ്ക്ക് സംഘം അടിക്കുകയും വണ്ടി നിർത്താതെ എടുത്തുകൊണ്ട് പോവുകയും ചെയ്യുകയായിരുന്നുവെന്നാണ സംഗീതിന്‍റെ ഭാര്യയുടെ മൊഴി.

ഇത്രയെല്ലാം സംഭവങ്ങൾ നടന്നിട്ടും സ്ഥലത്ത് പൊലീസ് എത്താൻ വൈകിയെന്ന് നാട്ടുകാരും ആരോപിക്കുന്നു. മണ്ണെടുപ്പ് തുടങ്ങിയപ്പോൾ തന്നെ സംഗീത് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചിരുന്നതാണ്. എന്നാൽ ജെസിബി കൊണ്ട് ഇവർ സംഗീതിനെ ഇടിച്ചിട്ട് കടന്ന് കളഞ്ഞ ശേഷമാണ് പൊലീസ് എത്തിയതെന്നും, ഇത് മണ്ണ് മാഫിയയും പൊലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമാണെന്നും നാട്ടുകാർ ആരോപിക്കുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു