കെ.പി.സി.സി നേതൃയോഗം ഇന്ന്; ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും

Jaihind Webdesk
Tuesday, May 28, 2019

Indira-Bhavan-KPCC

ലോക്‌സഭാ തെരെഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിന് കെ.പി.സി സി നേതൃയോഗം ഇന്ന്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇന്ദിരാഭവനിലാണ് യോഗം ചേരുന്നത്. 16 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ഡി.സി.സി, കെ.പി.സി.സി ഭാരവാഹികൾ അടക്കമുള്ളവരും പങ്കെടുക്കുന്ന യോഗത്തിന് ശേഷം വൈകിട്ട് അഞ്ചിന് രാഷ്ട്രീയകാര്യസമിതി യോഗവും നടക്കും.

സംസ്ഥാനത്ത് ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായ വൻ മുന്നേറ്റം സംബന്ധിച്ച വിലയിരുത്തലുകൾ നടക്കുന്ന യോഗത്തിൽ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി ഷാനിമോൾ ഉസ്മാന്‍റെ തോൽവിയും ചർച്ചയാവും. ബൂത്ത് തലത്തിലുള്ള കണക്കുകൾ വിലയിരുത്തുന്ന യോഗത്തിൽ പാർട്ടി സംഘടനാ സംവിധാനത്തിന്‍റെ പാളിച്ചയും കെട്ടുറപ്പും ചർച്ചാ വിഷയമാകും. ഇതിനു പുറമേ നിലവിൽ എം.പി സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ മണ്ഡലങ്ങളിലെ ഉപതെരെഞ്ഞെടുപ്പ് സംബന്ധിച്ച ആദ്യവട്ട ചർച്ചകളും യോഗത്തിൽ നടക്കും.

ഇടതു കോട്ടകളിലെ മിന്നുന്ന വിജയത്തിന്‍റെ പിന്നിൽ ഏതൊക്കെ ഘടകങ്ങൾ പ്രവർത്തിച്ചുവെന്ന വിലയിരുത്തലും നടക്കും. പാർട്ടിയിലെ പുനഃസംഘടന സംബന്ധിച്ചുള്ള അഭിപ്രായങ്ങളും ഉയർന്നുവന്നേക്കും. ഉപതെരെഞ്ഞെടുപ്പിന് പിന്നാലെ നടക്കാനിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിന് മുമ്പ് ബൂത്ത് തലത്തിൽ പാർട്ടിയെ സജ്ജമാക്കേണ്ടതിന്‍റെ ആവശ്യകതയും യോഗത്തിൽ ഉയരാനാണ് സാധ്യത.

കെ.പി.സി.സി. മുന്‍ അധ്യക്ഷന്മാർ, വര്‍ക്കിംഗ് പ്രസിഡന്‍റുമാര്‍, വൈസ് പ്രസിഡന്‍റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, 14 ഡി.സി.സി പ്രസിഡന്‍റുമാർ എന്നിവർക്ക് പുറമേ 16 പാര്‍ലമെന്‍റ് മണ്ഡലങ്ങളില്‍ മത്സരിച്ച കോൺഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും സംയുക്ത യോഗമാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഇതിനുശേഷം മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയും യോഗം ചേരും. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ ചേരുന്ന രണ്ട് യോഗങ്ങളിലും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് അധ്യക്ഷത വഹിക്കുന്നത്.

teevandi enkile ennodu para