കാലിത്തൊഴുത്തില്‍ കൊവിഡ് ‘ചികിത്സ’ ; ഗോമൂത്രവും ചാണകവും മരുന്ന് ; നേരം വെളുക്കാതെ മോദിയുടെ സ്വന്തം ഗുജറാത്ത്

Jaihind Webdesk
Sunday, May 9, 2021

കൊവിഡ് ചികിത്സയില്‍ ഗുജറാത്തില്‍ നിന്ന് വരുന്നത് ഞെട്ടിക്കുന്ന വാർത്തകള്‍. രാജ്യത്ത് കൊവിഡ് സംഹാരതാണ്ഡവമാടുമ്പോള്‍ 5000 പശുക്കളുള്ള ഗോശാലയിൽ 40 ബെഡുകളുള്ള കൊവിഡ്​ ആശുപത്രി സജ്ജമാക്കിയിരിക്കുകയാണ് അധികൃതർ. ചാണകത്തിനും പശു​മൂത്രത്തിനും പുറമെ മന്ത്രങ്ങളും ഉപയോഗിച്ചാണ്​​ ഇവിടെ ‘ചികിത്സ’ നടത്തുന്നത്.

ഗുജറാത്തിലെ അതിർത്തി ഗ്രാമമായ ദീശ താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്​ ഗോശാല ആശുപത്രി. അലോപ്പതി മരുന്നുകൾക്ക്​ പകരം പശുവിന്‍ പാലിൽനിന്ന്​ ഉൽപ്പാദിപ്പിച്ച നെയ്യും മറ്റു വസ്​തുക്കളുമാണ്​ രോഗികൾക്ക്​ ഇവിടെ നല്‍കുന്നത്. വേദലക്ഷണ പഞ്ചഗവ്യ ആയുർവേദ്​ കൊവിഡ്​ ഐസൊലേഷൻ സെന്‍ററെന്നാണ്​ ‘ആശുപത്രിയുടെ’ പേര്. 40 ബെഡുകൾക്ക്​ ചുറ്റും പുല്ല്​ നട്ടുവളർത്തിയിട്ടുണ്ട്​. പശുക്കൾക്ക്​ തീറ്റയായി വളർത്തിയിരിക്കുന്നതാണ്​ പുല്ലുകൾ. കൂടാതെ സ്​ഥലത്ത്​ തണുപ്പ്​ നിൽക്കാനും ഇവ സഹായിക്കുമെന്നാണ്​ വാദം. ഹാളിൽ ഫാനും എയർകൂളറും സ്​ഥാപിച്ചിട്ടുണ്ടെന്നും നാഷനൽ ഹെറാൾഡ്​ റി​​പ്പോർട്ട്​ ചെയ്​തു​.

പശുവിന്‍റെ പാലിൽനിന്നും മൂത്രത്തിൽനിന്നും ചാണകത്തിൽനിന്നും നിർമിക്കുന്ന പഞ്ചഗവ്യ കിറ്റ്​ രോഗികൾക്ക്​ നൽകും. അടിയന്തര സാഹചര്യം നേരിടാനായി ഓക്​സിജൻ സിലിണ്ടറും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്​. പഞ്ചഗവ്യ ആയുർ​വേദ ചികിത്സയിൽ പശു മൂത്രത്തിൽനിന്ന്​ നിർമിക്കുന്ന നീരാവി ശ്വസിക്കാൻ നൽകും. കൂടാതെ ചാണക വരളികൊണ്ട്​ രോഗികളെ മൂടുകയും ചെയ്യും. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമാണ്​ ഭക്ഷണം.