കോതമംഗലത്ത് വന്‍ മയക്കുമരുന്ന് വേട്ട; പതിനെട്ടുകാരിയും യുവാവും പിടിയില്‍

Jaihind News Bureau
Friday, March 20, 2026

കോതമംഗലം: എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നഗരത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങള്‍ വിലവരുന്ന രാസലഹരിയുമായി യുവതിയും യുവാവും അറസ്റ്റിലായി. ഇടുക്കി ഏലപ്പാറ സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ് (24) എന്നിവരെയാണ് കോഴിപ്പിള്ളിയിലെ ലോഡ്ജ് മുറിയില്‍ നിന്ന് എക്‌സൈസ് സംഘം പിടികൂടിയത്. ഇവരില്‍ നിന്ന് 37.229 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

കോതമംഗലത്തെയും പരിസരത്തെയും പ്രൊഫഷണല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ രാസലഹരി വില്‍പന നടത്തുന്ന സംഘത്തെക്കുറിച്ച് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി എക്‌സൈസ് നിരീക്ഷണത്തിലായിരുന്ന പ്രതികള്‍ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് വലയിലായത്.

ബെംഗളൂരുവില്‍ നിന്ന് ബസ് മാര്‍ഗ്ഗം പെരുമ്പാവൂരിലെത്തിയ റിസാനയെ അനന്തു ബൈക്കില്‍ കോതമംഗലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. യാത്രയ്ക്കിടെ ഇവരെ പിടികൂടാന്‍ എക്‌സൈസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് നടത്തിയ ഊര്‍ജിതമായ തിരച്ചിലിനൊടുവിലാണ് കോഴിപ്പിള്ളിയിലെ ലോഡ്ജില്‍ നിന്ന് ഇവരെ മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തത്. വിപണിയില്‍ ഏകദേശം രണ്ട് ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന മൂന്ന് മൊബൈല്‍ ഫോണുകളും എക്‌സൈസ് പിടിച്ചെടുത്തു.

ഇടുക്കി സ്വദേശിനിയായ റിസാന കോതമംഗലത്തെ സ്വകാര്യ പ്രൊഫഷണല്‍ കോളേജില്‍ പഠനത്തിനായാണ് എത്തിയത്. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് പഠനം ഉപേക്ഷിച്ച് പൂര്‍ണ്ണമായും ലഹരി മാഫിയയുടെ ഭാഗമാവുകയായിരുന്നുവെന്ന് എക്‌സൈസ് അധികൃതര്‍ വ്യക്തമാക്കി. എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.