വരാപ്പുഴ കൊലപാതകം; കുറ്റവാളികളായ പോലീസുകാരെ തിരിച്ചെടുത്ത നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളി: കൊടിക്കുന്നില്‍ സുരേഷ്

webdesk
Wednesday, December 26, 2018

വാരാപ്പുഴ പോലീസ് സ്റ്റേഷനില്‍ ലോക്കപ്പിലിട്ട് മൃഗീയമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്തിന്‍റെ ഘാതകരായ പോലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി.

കേരളത്തിന്‍റെ മനസാക്ഷിയെ ഞെട്ടിച്ച അതിക്രൂരമായ ലോക്കപ്പ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളായിരുന്നു ഈ പോലീസുകാര്‍. ലോക്കപ്പ് മര്‍ദനത്തിന് നേതൃത്വം കൊടുത്ത ഇവരെ സര്‍വീസില്‍ നിന്നും നീക്കം ചെയ്യുന്നതിന് പകരം അവരെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിച്ചത് സി.പി.എമ്മിന്‍റെ ഗൂഢാലോചനയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.

ശ്രീജിത്തിനെ ലോക്കപ്പില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പോലീസുകാരെ തുടക്കം മുതല്‍ സംരക്ഷിക്കാനാണ് സി.പി.എം ജില്ലാ നേതൃത്വം ശ്രമിച്ചു വന്നത്. പ്രതികളെ രക്ഷപ്പെടുത്താനും കേസ് തേച്ചുമായ്ച്ച് കളയാനുമുള്ള എല്ലാ അടവുകളും സി.പി.എം നേതൃത്വം തുടക്കം മുതല്‍ തന്നെ സ്വീകരിച്ചിരുന്നു. ശ്രീജിത്തിന്‍റെ കുടുംബാംഗങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജനപ്രതിനിധികളുമൊക്കെ നടത്തിയ പ്രക്ഷോഭത്തിന്‍റെ ഫലമായിട്ടാണ് പോലീസുകാരെ അറസ്റ്റ് ചെയ്ത് കേസ് എടുത്തത്. കോടതിയുടെ പരിഗണനയിലും വിചാരണയിലുമിരിക്കുന്ന വാരാപ്പുഴ ലോക്കപ്പ് കൊലപാതകക്കേസിലെ പ്രതികളെ വെള്ളപൂശി സര്‍വീസില്‍ തിരികെ എടുത്ത നടപടി പിണറായി സര്‍ക്കാരിന്‍റെ മനുഷ്യത്വമില്ലാത്ത നടപടിയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.

കുറ്റവാളികളായ ക്രിമിനലുകളേയും കൊലപാതകികളേയും സംരക്ഷിക്കുന്ന പിണറായി സര്‍ക്കാര്‍ യാതൊരു മടിയുമില്ലാതെ കുറ്റവാളികളായ പോലീസുകാരെ സര്‍വീസില്‍ തിരിച്ച് എടുത്തതോടു കൂടി സര്‍ക്കാരിന്‍റെ നിലപാട് വ്യക്തമായിരിക്കുകയാണ്. മനുഷ്യ ജീവന് വിലകല്‍പ്പിക്കാത്ത ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് പിണറായി സര്‍ക്കാര്‍ വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പ്രസ്താവനയില്‍ വ്യക്തമാക്കി.[yop_poll id=2]