കിം ജോംഗ് ഉൻ റഷ്യയില്‍; പുടിനുമായി കൂടിക്കാഴ്ച നടത്തും; കൊറിയൻ മേഖലയിലെ ആണവ പ്രതിസന്ധി മുഖ്യ ചർച്ചാ വിഷയമായേക്കും

Jaihind Webdesk
Thursday, April 25, 2019

ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ റഷ്യയിലെത്തി. റഷ്യൻ പ്രസിഡന്‍റ് വ്‌ളാദിമർ പുടിനുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും. കൊറിയൻ മേഖലയിലെ ആണവ പ്രതിസന്ധിയാവും കൂടിക്കാഴ്ചയിൽ മുഖ്യ ചർച്ചാ വിഷയമാകും.

റഷ്യൻ പ്രസിഡന്‍റ് വ്‌ലാദിമിർ പുടിൻറെ ക്ഷണം സ്വീകരിച്ചാണ് കിം റഷ്യയിലെത്തിയത് തൻറെ പ്രത്യേക ട്രെയിനിലാണ് കിം വ്‌ളാഡിവോസ്റ്റോക്കിൽ എത്തിയത്. വ്യാഴാഴ്ച പുടിനുമായി കിം കൂടിക്കാഴ്ച നടത്തും. കൊറിയൻ മേഖലയിലെ ആണവ പ്രതിസന്ധിയാവും കൂടിക്കാഴ്ചയിൽ മുഖ്യ ചർച്ചാ വിഷയമാവുക. കൂടിക്കാഴ്ച നടക്കുന്ന വ്‌ളാഡിവോസ്റ്റോക്കിലെ റസ്‌കി ദ്വീപിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ വൈദ്യുതി പോസ്റ്റുകളിൽ റഷ്യയുടെയും ഉത്തരകൊറിയയുടെയും പതാകകൾ പറക്കുന്നതു കാണാം. യുഎസുമായി നടത്തിയ ഉച്ചകോടി കാര്യമായ ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് പുടിനുമായി ചർച്ചയ്ക്കു കിം തയാറാവുന്നത്. സിംഗപ്പൂരിൽ നടന്ന ആദ്യ കിം-ട്രംപ് ഉച്ചകോടിയെത്തുടർന്ന് ആണവനിരായുധീകരണം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായെങ്കിലും തുടർനടപടി ഉണ്ടായില്ല. പിന്നീട് ഫെബ്രുവരിയിൽ ഹാനോയിയിൽ നടത്തിയ ഉച്ചകോടിയിൽനിന്നു ട്രംപ് വാക്കൗട്ട് നടത്തുകയും ചെയ്തു.