പുടിന്‍ – ട്രംപ് കൂടിക്കാഴ്ച ഉണ്ടാകില്ല; പ്രതിഷേധം യുക്രെയിനെതിരായ റഷ്യന്‍ നടപടിയെതുടര്‍ന്ന്

Jaihind Webdesk
Friday, November 30, 2018

Putin-Trump

റഷ്യൻ പ്രസിഡൻറ് വ്ലാഡിമിർ പുടിനുമായുള്ള ചർച്ചയിൽനിന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പിന്മാറി. ക്രിമിയൻ തീരത്തുനിന്ന് യുക്രൈന്‍റെ മൂന്ന് യുദ്ധക്കപ്പലുകൾ റഷ്യ പിടിച്ചെടുത്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് നടപടി.

അർജൻറീനയിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് പുടിനും ട്രംപും ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്. കപ്പലും നാവികരും റഷ്യയിൽനിന്നും യുക്രൈനിൽ തിരിച്ചെത്തിയിട്ടില്ല. അതിനാൽ റഷ്യയുമായുള്ള ചർച്ചയിൽനിന്നും പിൻമാറുകയാണെന്ന് ട്രംപ് അറിയിച്ചു.

യുക്രയിനെ പരമാവധി സഹായിക്കണമെന്ന് ട്രംപ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യക്കെതിരെ ഉപരോധം ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ പരിഗണനയിലുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. റഷ്യയുമായുള്ള ബന്ധത്തിൽ മഞ്ഞുരുകൽ പ്രതീക്ഷിച്ചിരുന്നെങ്കിലും ട്രംപിന്‍റെ പുതിയ തീരുമാനത്തോടെ ആ സാധ്യതയും ഇല്ലാതാവുകയാണ്. കപ്പലും നാവികരും തിരിച്ചെത്തിയാലും ഇനിയൊരു ചർച്ചക്ക് കളമൊരുങ്ങാനുള്ള സാധ്യതയും അന്താരാഷ്ട്ര വിദഗ്ധർ തള്ളിക്കളയുന്നില്ല.