മാർക്ക് തട്ടിപ്പില്‍ പ്രതി സോഫ്റ്റ്‌വെയറെന്ന് കേരള സർവകലാശാല ; കൃത്രിമം നടന്നിട്ടില്ലെന്നും സിന്‍ഡിക്കേറ്റില്‍ വിലയിരുത്തല്‍

Jaihind News Bureau
Friday, November 22, 2019

മോഡറേഷൻ ക്രമക്കേടിൽ ബോധപൂർവമായ കൃത്രിമം നടന്നിട്ടില്ലെന്ന് കേരള സർവകലാശാല. മാർക്ക് തട്ടിപ്പിന് കാരണം
സോഫ്റ്റ് വെയറിലെ അപാകതയെന്നും സിൻഡിക്കേറ്റ് യോഗത്തിലെ വിലയിരുത്തൽ. അതേസമയം കമ്പ്യൂട്ടർ സെൽ ഡയറക്ടർ വിനോദ് ചന്ദ്രയെ സസ്പെൻഡ് ചെയ്തു.

കേരള സർവകലാശാല മാർക്ക് തട്ടിപ്പിന്‍റെ പ്രധാന കാരണം സോഫ്റ്റ് വെയർ പിഴവാണെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി മുഖം രക്ഷിക്കാനാണ് സർവകലാശാലയുടെ ശ്രമം. 727 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റിലാണ് പ്രശ്നമുണ്ടായത്. ഇതിൽ ഡൗൺലോഡ് ചെയ്ത 390 വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് ക്യാൻസൽ ചെയ്യാൻ സിൻഡിക്കേറ്റിൽ തീരുമാനമായി. മോഡറേഷൻ അപ്ഡേറ്റ് ചെയ്യാനുള്ള പ്രോഗ്രാം കോഡിൽ അപാകത സംഭവിച്ചു.സോഫ്റ്റ് വെയറിലെ അപാകത പരിഗണിച്ചില്ലെന്ന് വിലയിരുത്തിയാണ് കംപ്യൂട്ടർ സെൽ ഡയറക്ടർ വിനോദ് ചന്ദ്രയെ സർവകലാശാല സസ്പെൻഡ് ചെയ്തത്.
പൊതു സമൂഹത്തിൽ സംശയം നിലനിൽക്കുമ്പോൾ അവധി ദിവസം കംപ്യൂട്ടർ സെന്‍റർ തുറന്നുപ്രവർത്തിച്ചത് വീഴ്ചയാണെന്നും സിൻഡിക്കേറ്റ് വിലയിരുത്തി. വിദഗ്ധ അന്വേഷണത്തിനും, സോഫ്റ്റ് വെയർ നവീകരണത്തിനുമായി സി-ഡാക്കിനെ ചുമതലപ്പെടുത്താനും സിൻഡിക്കേറ്റിൽ തീരുമാനമായി.

നിലവിലെ പാസ് വേർഡുകൾ ക്യാൻസൽ ചെയ്യാനും സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. മൂന്ന് മാസം കൂടുമ്പോൾ പാസ് വേർഡ് മാറ്റാനും തീരുമാനമായി. പി.വി.സി യുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണം തുടരാനാണ് സർവകലാശാലയുടെ തീരുമാനം. വിദഗ്ധ സമിതി തയാറാക്കിയ റിപ്പോർട്ട് ക്രൈംബ്രാഞ്ചിന് കൈമാറും. അതേ സമയം ക്രമക്കേട് കേസെടുത്ത് അന്വേഷിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും.