ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം: ജിദ്ദയില്‍ അടിയന്തര യോഗം വിളിച്ച് ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ

Jaihind Webdesk
Saturday, October 14, 2023

 

ജിദ്ദ: ഇസ്രയേൽ-പലസ്തിൻ യുദ്ധത്തിന്‍റെ പശ്ചാതലത്തിൽ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഇസ്‌ലാമിക്‌ ഓർഗനൈസേഷൻ അടിയന്തര യോഗം വിളിച്ചു. ഇസ്‌ലാമിക്‌ ഓർഗനൈസഷൻ അധ്യക്ഷ പദവി വഹിക്കുന്ന സൗദി അറേബ്യ ആണ് അടിയന്തര യോഗം വിളിച്ചത്. ബുധനാഴ്ച സൗദി അറേബ്യയിലെ ജിദ്ദയിലാണ് ഓർഗനൈസേഷനിലെ മന്ത്രിമാരുടെ യോഗം ചേരുക.

യുഎൻ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ മുന്നറിയിപ്പ് ഇസ്രയേൽ അവഗണിക്കുകയാണെന്ന് സൗദി ആരോപിച്ചു. ദുരന്തം ഒഴിവാക്കാന്‍ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി ആവശ്യപ്പെട്ടു. ഇസ്രയേലുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളില്‍നിന്നു സൗദി അറേബ്യ പിന്മാറിയതിനു പിന്നാലെയാണ് അടിയന്തര യോഗം വിളിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം യുദ്ധം രൂക്ഷമായതോടെ പലസ്തീനികൾ ഗാസയിൽ നിന്ന് കൂട്ടപ്പലായനം തുടരുകയാണ്. വടക്കൻ ഗാസയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രയേൽ സൈന്യത്തിന്‍റെ മുന്നറിയിപ്പിന് പിന്നാലെയാണ് ജനങ്ങൾ കൂട്ടപ്പലായനം തുടങ്ങിയത്. ദക്ഷിണമേഖലയിലേക്കും റാഫ അതിർത്തിപ്രദേശങ്ങളിലേക്കും മാറാനാണ് വടക്കൻ ഗാസ നിവാസികൾക്കും യുഎൻ ഉദ്യോഗസ്ഥർക്കും വെള്ളിയാഴ്ച നൽകിയ മുന്നറിയിപ്പ്. സ്കൂളുകളിലെയും ആരോഗ്യകേന്ദ്രങ്ങളിലെയും അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവരും ഒഴിയണമെന്ന് നിർദേശമുണ്ട്. യുദ്ധത്തില്‍ മരിച്ചവരുടെ എണ്ണം ഇതിനോടകം 3000 കടന്നതായാണ് സ്ഥിരീകരിക്കാത്ത കണക്കുകള്‍.