ഇന്ത്യയും സൗദിയും തമ്മില്‍ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു

Jaihind News Bureau
Saturday, December 15, 2018

ജിദ്ദ: ഇന്ത്യയും സൗദിയും തമ്മില്‍ അടുത്ത വര്‍ഷത്തേക്കുള്ള ഹജ് കരാര്‍ ഒപ്പുവെച്ചു. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തനു മാണ് കരാറില്‍ ഒപ്പു വെച്ചത്. ഹജ്ജ് എമിഗ്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍ വെച്ചു തന്നെ പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അദ്ദേഹം പറഞ്ഞു.കോഴിക്കോട് വിമാന താവളത്തെ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി ഈ വര്‍ഷം പുതിയതായി തെരഞ്ഞെടുത്തതായും മന്ത്രി വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗ്ഗമുളള ഹജ്ജ് സര്‍വ്വീസ് ഇത്തവണയും ഉണ്ടാകില്ല. എന്നാല്‍ അടുത്ത വര്‍ഷം മുതല്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒരുലക്ഷത്തി എഴുപത്തി അയ്യായിരമായിരുന്നു ഇന്ത്യക്ക് അനുവദിച്ചിരുന്ന കോട്ട. ഇത്തവണ ഒരുലക്ഷത്തി തൊണ്ണൂറായിരമായി ഉയര്‍ത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.ആവശ്യം പരിഗണിക്കാമെന്ന് സൗദി ഹജ് മന്ത്രി മുഹമ്മദ് സാലിഹ് ബന്തന്‍ ഇന്ത്യന്‍ സംഘത്തിനു ഉറപ്പ് നല്‍കി. ഇന്ത്യയില്‍ നിന്ന് മൂന്നു ലക്ഷത്തിലേറെ പേര്‍ ഇതുവരെ ഹജ്ജിനു അപേക്ഷിച്ചതായി ചടങ്ങിനു ശേഷം കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. കോഴിക്കോടും കൊച്ചിയും ഉള്‍പ്പെടെ ഇത്തവണ ഇന്ത്യയിലെ ഇരുപത്തിയൊന്ന് വിമാനത്താവളങ്ങളില്‍ നിന്നും ഹജ്ജിനെത്താം.

ഈ വര്‍ഷം ഹാജിമാരുടെ അപേക്ഷ കുറഞ്ഞെന്ന വാദം കേന്ദ്ര മന്ത്രി നിഷേധിച്ചു. മഹറമില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാന്‍ കൂടുതല്‍ സൌകര്യമൊരുക്കും. തീര്‍ത്ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ വിമാനത്താവളങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതിന് ചില സാങ്കേതിക പ്രയാസങ്ങളുണ്ട്. എന്നാല്‍ ഇത് പരിഹരിക്കുന്നതിനാവശ്യമായ ചര്‍ച്ചകള്‍ നടന്നുവരികയാണ്.ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനം ഇന്ത്യന്‍ ഹാജിമാര്‍ക്കും ലഭ്യമാക്കാന്‍ സൌദിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഇന്ത്യന്‍ ഹജ്ജ് കമ്മറ്റി ചെയര്‍മാനും എം.പിയുമായ ചൌധരി മെഹബൂബ് അലി കൌസര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.